Thursday, January 4, 2007

'വ്യഭിചാര ദേശസാല്‍ക്കരണ നിയമം പ്രാബല്യത്തില്‍'

New Delhi Times


കൗതുക വാര്‍ത്ത 2032


'വ്യഭിചാര ദേശസാല്‍ക്കരണ നിയമം പ്രാബല്യത്തില്‍'




ന്യൂഡല്‍ഹി : വിവാദവിഷയമായ 'വ്യഭിചാര ദേശസാല്‍ക്കരണ നിയമം' രാഷ്ട്രപതി അന്തിമമായി ഒപ്പുവെച്ചു. ഇതോടെ ദീര്‍ഘകാലമായി പരിഗണിക്കപ്പെടാതെ സമൂഹത്തിന്റെ അടിത്തട്ടില്‍ ഉപേക്ഷിക്കപ്പെട്ടിരുന്ന സ്ത്രീജനങ്ങളുടെ വമ്പിച്ച ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പുതിയ യുഗം ഉദയംകൊള്ളുമെന്നും, അതിലൂടെ ഈ ദശാബ്ദത്തില്‍ത്തന്നെ ഭാരതം അതിന്റെ പുരോഗതിയില്‍ പുതിയ നാഴികക്കല്ലുകള്‍ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു. പ്രസ്തുത നിയമം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ കാല്‍ക്കോടിയിലധികം കുടുംബങ്ങള്‍ക്ക്‌ നേരിട്ടും അതിലേറെ കുടുംബങ്ങള്‍ക്ക്‌ പരോക്ഷമായും തൊഴില്‍ ലഭ്യത ഉറപ്പുവരുത്താനാവുമെന്ന്‌ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കാല്‍നൂറ്റാണ്ടായി ഭാരതീയ സമൂഹം കൂലംകഷമായി ചര്‍ച്ച ചെയ്തുവരുകയായിരുന്ന 'വ്യഭിചാര ദേശസാല്‍ക്കരണ നിയമം' ശബ്ദായമാനമായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഏക വനിതാ അംഗത്തിന്റെ എതിര്‍പ്പോടുകൂടിയാണ്‌ ലോക്‍സഭ 'ഏകകണ്ഠമായി' കഴിഞ്ഞയാഴ്ച പാസാക്കിയത്‌. 'ഭാരതീയ സംസ്കൃതിയുടെ ഈ നവോത്ഥാന നിമിഷത്തില്‍ താന്‍ ഹര്‍ഷപുളകിതനായിട്ടാണ്‌ ഈ ബില്ലില്‍ ഒപ്പുവെയ്ക്കുന്നതെന്ന്‌' തന്റെ നവവല്‍സര സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു. ലിംഗഭേദമെന്യേ കൂടുതല്‍ ചെറുപ്പക്കാര്‍ക്കും കുടുംബിനികള്‍ക്കും ഉപകാരപ്രദമായ നിലയില്‍ രാജ്യമൊട്ടാകെ തികച്ചും സുരക്ഷിതമായ 'ഉല്ലാസകേന്ദ്രങ്ങള്‍' തുറക്കുമെന്നും, ഇവ പൊതുമേഖലയിലും സ്വകാര്യമേഖലയിലും മാത്രമല്ല, വിദേശരാഷ്ട്രങ്ങളുടെ ഫോര്‍മുലകളോടെയുള്ള സംയുക്തസംരംഭങ്ങളിലൂടെയും നടപ്പാക്കുമെന്ന്‌ സാമൂഹ്യ-കുടുംബക്ഷേമ വകുപ്പുമന്ത്രി തന്റെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിലേക്കായി സൗജന്യ സേവനദാതാക്കാളായി എല്ലാ രാഷ്ട്രീയ യുവജനസംഘടനകളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും ഒരു 'ക്രാന്തിസേന'യെ സര്‍ക്കാര്‍ ചെലവില്‍ പരിപാലിക്കും. സേവനം ആവശ്യമുള്ള ഒരാള്‍ക്കുപോലും കാലതാമസമോ മനോദുഃഖമോ ഉണ്ടാകാത്തവിധം 'മൂല്യാനുസൃത സേവനം' ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നു.

സ്‌കൂള്‍തലം മുതല്‍ മികച്ച പരിശീലനം എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കുവാനും, കഴിവുകള്‍ തെളിയിക്കപ്പെടുന്നവരുടെ നിലവാരാടിസ്ഥാനത്തില്‍ 'ഡയമണ്‍ഡ്‌', 'ഗോള്‍ഡന്‍', 'സില്‍വര്‍' എന്നിങ്ങനെയുള്ള മൂന്നുതരം ഗ്രേഡുകള്‍ നിശ്ചയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ വിദേശരാജ്യങ്ങളിലെ ഈ രംഗത്തെ വിദഗ്ദ്ധസംഘങ്ങളുടെ സേവനം പ്രയോജനപ്പെടുത്താനും അതിലൂടെ ഒരു 'ന്യൂ ലിബറലൈസ്‌ഡ്‌ കള്‍ച്ചറല്‍ റെവല്യൂഷന്‍' സാധ്യമാക്കാനും പദ്ധതിയുണ്ടെന്ന്‌ മന്ത്രിസഭയിലെ ഏക വനിതാംഗമായ ശ്രീമതി വാസവ ദത്ത്‌ ഊന്നിപ്പറഞ്ഞു.

ഈ ബില്ലില്‍ പ്രതിഷേധിച്ച്‌ പര്‍ലമെന്റിനു മുമ്പില്‍ ആത്മഹൂതി നടത്താന്‍ ശ്രമിച്ച നിത്യയെന്ന മലയാളി സ്ത്രീയെ പോലീസ്‌ അറസ്റ്റുചെയ്തു. ഇവരുടെ മാനസികനിലയില്‍ തകരാറുള്ളതായി കണ്ടെത്തിയതായി പൂനെയിലെ ഒരു സ്വകാര്യ ചികില്‍സാലയത്തിലെ മനശ്‌ശാസ്‌ത്രജ്ഞന്റെ വാക്കുകളുദ്ധരിച്ച്‌ സായാഹ്നപത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. കാല്‍നൂറ്റാണ്ടിനു മുമ്പ്‌ തന്റെ 'ബ്ലോഗി'-ലൂടെ അപരിഷ്‌കൃതവും അറപ്പുതോന്നുന്നതുമായ 'സദാചാര സമസ്യകള്‍' വിളമ്പി അക്കാലത്തെ ചില കുലദൈവങ്ങളുടെ 'ലൈംഗികവും' 'പാനിക്കും' ആയ ആക്ഷേപ-ഇസങ്ങളുടെയും വാദമുഖങ്ങളുടെയും മുന്നില്‍ (നാണംകെട്ട്‌) 'തോറ്റ്‌തുന്നംപാടി' അപ്രത്യക്ഷയായ ഈ സ്ത്രീ ഇപ്പോള്‍ ഏതോ ഭ്രാന്താശുപത്രിയില്‍നിന്ന്‌ പുറത്തിറങ്ങിയതാവാമെന്ന്‌ ഞങ്ങളുടെ തലസ്ഥാന ബ്യൂറോ അനുമാനിക്കുന്നു.

ഇത്തരം ഒറ്റപ്പെട്ട ഭീകരവാദപ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ സര്‍ക്കാരിന്റെ ലക്ഷ്യബോധത്തെയും പുരോഗമനനടപടികളെയും തകര്‍ക്കാമെന്നത്‌ വെറും വ്യാമോഹം മാത്രമാണെന്ന്‌ ആഭ്യന്തരമന്ത്രി പ്രതികരിച്ചു. എന്നാല്‍ ഒരു വനിതയെന്ന നിലയില്‍ ആത്മാഹൂതിശ്രമത്തൊട്‌ താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിന്‌ 'താന്‍ വനിതകളുടെ മാത്രം മന്ത്രിയല്ലെന്നും, താനൊഴികെ മന്ത്രിസഭയിലെ മറ്റുള്ളവരെല്ലം പുരുഷന്മാരാണെന്നോര്‍ക്കാതെ പ്രതികരിക്കുന്നത്‌ ഉചിതമാവില്ലെന്നും' ശ്രീമതി വാസവ്‌ ദത്ത അഭിപ്രായപ്പെട്ടു.

=====

Locations of visitors to this page