Thursday, January 4, 2007

'വ്യഭിചാര ദേശസാല്‍ക്കരണ നിയമം പ്രാബല്യത്തില്‍'

New Delhi Times


കൗതുക വാര്‍ത്ത 2032


'വ്യഭിചാര ദേശസാല്‍ക്കരണ നിയമം പ്രാബല്യത്തില്‍'




ന്യൂഡല്‍ഹി : വിവാദവിഷയമായ 'വ്യഭിചാര ദേശസാല്‍ക്കരണ നിയമം' രാഷ്ട്രപതി അന്തിമമായി ഒപ്പുവെച്ചു. ഇതോടെ ദീര്‍ഘകാലമായി പരിഗണിക്കപ്പെടാതെ സമൂഹത്തിന്റെ അടിത്തട്ടില്‍ ഉപേക്ഷിക്കപ്പെട്ടിരുന്ന സ്ത്രീജനങ്ങളുടെ വമ്പിച്ച ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പുതിയ യുഗം ഉദയംകൊള്ളുമെന്നും, അതിലൂടെ ഈ ദശാബ്ദത്തില്‍ത്തന്നെ ഭാരതം അതിന്റെ പുരോഗതിയില്‍ പുതിയ നാഴികക്കല്ലുകള്‍ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു. പ്രസ്തുത നിയമം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ കാല്‍ക്കോടിയിലധികം കുടുംബങ്ങള്‍ക്ക്‌ നേരിട്ടും അതിലേറെ കുടുംബങ്ങള്‍ക്ക്‌ പരോക്ഷമായും തൊഴില്‍ ലഭ്യത ഉറപ്പുവരുത്താനാവുമെന്ന്‌ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കാല്‍നൂറ്റാണ്ടായി ഭാരതീയ സമൂഹം കൂലംകഷമായി ചര്‍ച്ച ചെയ്തുവരുകയായിരുന്ന 'വ്യഭിചാര ദേശസാല്‍ക്കരണ നിയമം' ശബ്ദായമാനമായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഏക വനിതാ അംഗത്തിന്റെ എതിര്‍പ്പോടുകൂടിയാണ്‌ ലോക്‍സഭ 'ഏകകണ്ഠമായി' കഴിഞ്ഞയാഴ്ച പാസാക്കിയത്‌. 'ഭാരതീയ സംസ്കൃതിയുടെ ഈ നവോത്ഥാന നിമിഷത്തില്‍ താന്‍ ഹര്‍ഷപുളകിതനായിട്ടാണ്‌ ഈ ബില്ലില്‍ ഒപ്പുവെയ്ക്കുന്നതെന്ന്‌' തന്റെ നവവല്‍സര സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു. ലിംഗഭേദമെന്യേ കൂടുതല്‍ ചെറുപ്പക്കാര്‍ക്കും കുടുംബിനികള്‍ക്കും ഉപകാരപ്രദമായ നിലയില്‍ രാജ്യമൊട്ടാകെ തികച്ചും സുരക്ഷിതമായ 'ഉല്ലാസകേന്ദ്രങ്ങള്‍' തുറക്കുമെന്നും, ഇവ പൊതുമേഖലയിലും സ്വകാര്യമേഖലയിലും മാത്രമല്ല, വിദേശരാഷ്ട്രങ്ങളുടെ ഫോര്‍മുലകളോടെയുള്ള സംയുക്തസംരംഭങ്ങളിലൂടെയും നടപ്പാക്കുമെന്ന്‌ സാമൂഹ്യ-കുടുംബക്ഷേമ വകുപ്പുമന്ത്രി തന്റെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിലേക്കായി സൗജന്യ സേവനദാതാക്കാളായി എല്ലാ രാഷ്ട്രീയ യുവജനസംഘടനകളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും ഒരു 'ക്രാന്തിസേന'യെ സര്‍ക്കാര്‍ ചെലവില്‍ പരിപാലിക്കും. സേവനം ആവശ്യമുള്ള ഒരാള്‍ക്കുപോലും കാലതാമസമോ മനോദുഃഖമോ ഉണ്ടാകാത്തവിധം 'മൂല്യാനുസൃത സേവനം' ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നു.

സ്‌കൂള്‍തലം മുതല്‍ മികച്ച പരിശീലനം എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കുവാനും, കഴിവുകള്‍ തെളിയിക്കപ്പെടുന്നവരുടെ നിലവാരാടിസ്ഥാനത്തില്‍ 'ഡയമണ്‍ഡ്‌', 'ഗോള്‍ഡന്‍', 'സില്‍വര്‍' എന്നിങ്ങനെയുള്ള മൂന്നുതരം ഗ്രേഡുകള്‍ നിശ്ചയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ വിദേശരാജ്യങ്ങളിലെ ഈ രംഗത്തെ വിദഗ്ദ്ധസംഘങ്ങളുടെ സേവനം പ്രയോജനപ്പെടുത്താനും അതിലൂടെ ഒരു 'ന്യൂ ലിബറലൈസ്‌ഡ്‌ കള്‍ച്ചറല്‍ റെവല്യൂഷന്‍' സാധ്യമാക്കാനും പദ്ധതിയുണ്ടെന്ന്‌ മന്ത്രിസഭയിലെ ഏക വനിതാംഗമായ ശ്രീമതി വാസവ ദത്ത്‌ ഊന്നിപ്പറഞ്ഞു.

ഈ ബില്ലില്‍ പ്രതിഷേധിച്ച്‌ പര്‍ലമെന്റിനു മുമ്പില്‍ ആത്മഹൂതി നടത്താന്‍ ശ്രമിച്ച നിത്യയെന്ന മലയാളി സ്ത്രീയെ പോലീസ്‌ അറസ്റ്റുചെയ്തു. ഇവരുടെ മാനസികനിലയില്‍ തകരാറുള്ളതായി കണ്ടെത്തിയതായി പൂനെയിലെ ഒരു സ്വകാര്യ ചികില്‍സാലയത്തിലെ മനശ്‌ശാസ്‌ത്രജ്ഞന്റെ വാക്കുകളുദ്ധരിച്ച്‌ സായാഹ്നപത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. കാല്‍നൂറ്റാണ്ടിനു മുമ്പ്‌ തന്റെ 'ബ്ലോഗി'-ലൂടെ അപരിഷ്‌കൃതവും അറപ്പുതോന്നുന്നതുമായ 'സദാചാര സമസ്യകള്‍' വിളമ്പി അക്കാലത്തെ ചില കുലദൈവങ്ങളുടെ 'ലൈംഗികവും' 'പാനിക്കും' ആയ ആക്ഷേപ-ഇസങ്ങളുടെയും വാദമുഖങ്ങളുടെയും മുന്നില്‍ (നാണംകെട്ട്‌) 'തോറ്റ്‌തുന്നംപാടി' അപ്രത്യക്ഷയായ ഈ സ്ത്രീ ഇപ്പോള്‍ ഏതോ ഭ്രാന്താശുപത്രിയില്‍നിന്ന്‌ പുറത്തിറങ്ങിയതാവാമെന്ന്‌ ഞങ്ങളുടെ തലസ്ഥാന ബ്യൂറോ അനുമാനിക്കുന്നു.

ഇത്തരം ഒറ്റപ്പെട്ട ഭീകരവാദപ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ സര്‍ക്കാരിന്റെ ലക്ഷ്യബോധത്തെയും പുരോഗമനനടപടികളെയും തകര്‍ക്കാമെന്നത്‌ വെറും വ്യാമോഹം മാത്രമാണെന്ന്‌ ആഭ്യന്തരമന്ത്രി പ്രതികരിച്ചു. എന്നാല്‍ ഒരു വനിതയെന്ന നിലയില്‍ ആത്മാഹൂതിശ്രമത്തൊട്‌ താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിന്‌ 'താന്‍ വനിതകളുടെ മാത്രം മന്ത്രിയല്ലെന്നും, താനൊഴികെ മന്ത്രിസഭയിലെ മറ്റുള്ളവരെല്ലം പുരുഷന്മാരാണെന്നോര്‍ക്കാതെ പ്രതികരിക്കുന്നത്‌ ഉചിതമാവില്ലെന്നും' ശ്രീമതി വാസവ്‌ ദത്ത അഭിപ്രായപ്പെട്ടു.

=====

Sunday, December 24, 2006

സദാചാര സമസ്യകള്‍ പൂരിപ്പിക്കുമ്പോള്‍






പരസ്യമായി പറയാന്‍ മടിക്കുന്നവര്‍ പോലും രഹസ്യമായി ചെയ്യാന്‍ മടിക്കാത്ത ചിലകാര്യങ്ങളിലൊന്നാണ്‌ ലൈംഗികതയും അതിന്റെ വക്രമായ വഴികളും. പ്രായവുമായി അധികം ബന്ധമില്ലാത്ത ഈ സംഗതി ലോകമറിയുമ്പോളാണല്ലോ പ്രശ്നം. അറിഞ്ഞില്ലെങ്കില്‍ അതില്‍ ഇടപെട്ടവരൊക്കെ 'മാന്യദേഹങ്ങള്‍'. അറിഞ്ഞു കഴിഞ്ഞാല്‍ അവരുടെ കക്ഷികളുടെ ഭാഷയില്‍ 'ബലിയാടായ നിരപരാധി'. അതുമല്ലെങ്കില്‍, ആരോ അവരെ കുടുക്കാനായി തയ്യാറാക്കിയ 'ഗൂഢപദ്ധതി'.നമ്മുടെ നാട്ടില്‍ കഴിഞ്ഞ അഞ്ചാറു വര്‍ഷമായി ഇത്തരം നിരവധി സംഭവങ്ങള്‍ മാധ്യമശ്രദ്ധ നേടുകയുണ്ടായി. അവയില്‍ ചിലവ അധികാര രാഷ്ട്രീയത്തിന്റെ രാസസമവാക്യങ്ങളെപ്പോലും മാറ്റിയെഴുതി. പുലികള്‍ എലികളാവുകയും, കടലുകള്‍ കടലാടികളാവുകയും, ശീതമധുരക്കുഴമ്പ്‌ നുണഞ്ഞിരുന്ന പലരും കടുകട്ടിയായ അമൃതാസവം സേവിച്ചമാതിരി മുഖം ചുളിക്കുകയും ചെയ്ത കാഴ്ച്ചകള്‍ ആരും മറന്നിട്ടില്ല.

ശരീരത്തിന്റെ (പ്രത്യേകിച്ചും പെണ്‍മാംസത്തിന്റെ)കൊതിയുമായി ഉദ്ധരിച്ചുപറക്കുന്ന കഴുകന്മാര്‍ അന്യനാടുകളില്‍ വൃദ്ധകളെയും പിഞ്ചുകുഞ്ഞുങ്ങളെയും ആക്രമിക്കുന്ന സംഭവങ്ങള്‍ വിരളമായേ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളു. അതിനു വിപരീതമായി, നമ്മുടെ മഹാരാജ്യത്തെ മുപ്പതു ശതമാനം ലൈംഗികാക്രമണങ്ങളിലും ഇരയാവുന്നത്‌ വളര്‍ച്ചയെത്താത്ത തലമുറയോ ക്ഷീണിതരായ വൃദ്ധകളോ ആണ്‌. ഇതുകൊണ്ടൊന്നും ലജ്ജിക്കാനുള്ളതല്ല കേരളീയന്റെ സദാചാരബോധമെന്നാണ്‌ ഇത്തരം കേസുകളില്‍നിന്ന്‌ തലയൂരി സുരക്ഷിതരായി വിലസുന്ന മഹാന്മാര്‍ നമ്മളോട്‌ ആവര്‍ത്തിച്ച്‌ പറയുന്നത്‌. ഉദാഹരണങ്ങളൊന്നും പറയാതെ തന്നെ പ്രിയ അനുവാചകര്‍ സമീപകാലത്തെ സംഭവങ്ങള്‍ ഓരോന്നും അനുമാനിക്കുമെന്ന്‌ കരുതുന്നു.

'ഇപ്പോള്‍ ഇങ്ങനെയൊരു ചിന്ത തോന്നാന്‍ കാരണമെന്ത്‌?' എന്ന ചോദ്യത്തിന്‌ പുതിയതും പഴയതുമായ രണ്ടു സംഭവങ്ങള്‍ പറയേണ്ടതുണ്ട്‌. (എന്റെ മുന്‍ ലേഖനത്തിന്റെ കമന്റുകളുടെകൂട്ടത്തില്‍ അല്‍പം രോഷാകുലനായി ഒരു ചേട്ടന്‍ 'ഗൗരവമുള്ള കാര്യങ്ങള്‍ ഈ ബൂലോകത്തില്‍ ചെലവാകില്ല, ഈവക കാര്യങ്ങളെഴുതി അശ്രദ്ധയുടെ പടുകുഴിയില്‍ വീണുപോകാതെ ഒരു പീഡനകഥയോ വല്ലതും എഴുതി വിവാദമാക്കാന്‍ നോക്ക്‌' എന്നൊരു ഉപദേശം തന്നിരുന്നു. അദ്ദേഹത്തിന്റെ ഉപദേശത്തിലെ 'വിപരീതാര്‍ഥം' ഞാന്‍ ഇവിടെ വിനിയോഗിക്കുകയുമല്ല. പത്തുപേരെങ്കിലും വായിച്ചാല്‍ 'അത്രമതി' എന്ന താല്‍പര്യത്താലാണ്‌ ഞാന്‍ എന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നത്‌.)

പുതിയ കഥ ഇതാണ്‌:

ബ്രിട്ട്‌നി സ്പിയേഴ്‌സ്‌ എന്ന പ്രശസ്ത പോപ്പ്‌ ഗായികയാണ്‌ ഒന്നാം കഥയിലെ നായിക. പുള്ളിക്കാരി പാട്ടില്‍മാത്രമല്ല ആട്ടത്തിലും (ഒരര്‍ഥത്തില്‍ അഴിഞ്ഞാട്ടം എന്ന്‌ നമ്മുടെ വിവക്ഷ) കേമിയാണ്‌. പണം ആല്‍ബങ്ങളിലൂടെ, സ്റ്റേജ്‌ പരിപാടികളിലൂടെ, മോഡലായുള്ള ചിത്രങ്ങളുടെ വില്‌പനയിലൂടെ, വസ്ത്രങ്ങളില്‍ പേരും ചിത്രവും പതിക്കുന്നതിനുള്ള കരാറിലൂടെ ഒക്കെയൊക്കെ ട്രില്ല്യണുകളായി പെരുകിയിട്ടും ആര്‍ത്തിയുണ്ടോ കുറയുന്നു? ആദ്യം പാതിയും പിന്നെ മുക്കാലും ഒക്കെയായി ഉടല്‍ പ്രദര്‍ശിപ്പിച്ച്‌ ലോകയുവത്വത്തിന്റെ കണ്ണിലും ഹൃദയമാകുന്ന ആതുരാലയങ്ങളിലും 'രണ്ടാം മഡോണ'യായി വിലസുന്ന അവള്‍ക്ക്‌ സ്വതന്ത്ര്യമെന്നത്‌ എന്തിനും ഏതിനുമുള്ള ലൈസന്‍സാണ്‌. അമേരിക്കക്കാരുടെ സ്വാതന്ത്ര്യസങ്കല്‍പ്പത്തില്‍ അത്‌ തെറ്റുമല്ല. എല്ലാ സംസ്കാരങ്ങള്‍ക്കും പിന്നില്‍ രൂപത്തിന്‌ നിഴലെന്നപോലെ ഒരു ഇരുണ്ട വശമുണ്ടല്ലോ? ഈയിടെ സ്‌പിയേഴ്‌സിന്റെ സ്വന്തം വെബ്‌ സൈറ്റ്‌, ഏറ്റവും ജനത്തിരക്കേറിയ ലോസ്‌ ആന്‍ജല്‍സ്‌ തെരുവീഥികള്‍ മുഴുവന്‍ ട്രാഫിക്‌ തകരാറായ പോലെ സ്തംഭിച്ചു. മൃഷ്ടാന്നം തേടി അലഞ്ഞുതിരിയുന്ന അഴുക്കുചാലുകളിലെ എലിക്കൂട്ടം അവയ്ക്ക്‌ ഏറ്റവും രുചികരമായ ഭക്ഷണം കണ്ടെത്തിയ ഒരു ഭൗമഗുഹ മാതിരി എന്നൊക്കെ ഇത്തിരി ലളിതമായി പറയാം.

വെബ്‌ സൈറ്റിലൂടെ ലക്ഷക്കണക്കിന്‌ യുവാക്കളുടെ രക്തചംക്രമണവ്യവസ്ഥയ്ക്ക്‌ അഗ്നിപര്‍വതത്തിന്റെ തീക്ഷ്ണത നല്‍കി അവള്‍ ഭര്‍ത്താവിനൊപ്പം... ചെകുത്താന്റെ സമ്മാനമായ ആപ്പിള്‍ രുചിക്കുന്നതിനു മുന്‍പ്‌ ആദവും ഹൗവയും എങ്ങനെയായിരുന്നോ അങ്ങനെ. സമ്പൂര്‍ണനഗ്നാരായി! പിന്നെ അവര്‍ ആദവും ഹൗവയും ആപ്പിള്‍ രുചിക്കുന്നതിന്റെ വിവിധസ്വഭാവത്തിലുള്ള മറയില്ലാത്ത വിശദമായ ചിത്രങ്ങള്‍. പ്രതിസ്ഥാനത്തുള്ളത്‌ കുപ്രസിദ്ധരായ 'പാപ്പരാസികള്‍' ആണെന്നറിയുമ്പോള്‍ കഥയുടെ ചൂട്‌ ഊഹിക്കാനാവുമല്ലോ! ഈ സംഭവം അതിനും കുറെനാള്‍ മുന്‍പ്‌ തുടങ്ങിയതായിരുന്നു.

അവളുടെ സ്വന്തം സൈറ്റില്‍ വരുന്നതിനു മുന്‍പ്‌ ഈ ചിത്രങ്ങളെല്ലാം പാപ്പരാസിയില്‍നിന്ന്‌ വിലയ്ക്കുവാങ്ങി മറ്റൊരു ഗ്രൂപ്പുകാര്‍ പ്രസിദ്ധീകരിച്ചിരുന്നുവത്രേ. വിമര്‍ശനങ്ങള്‍ ചിലതുണ്ടായപ്പോള്‍ 'ഏയ്‌! അത്‌ ഞാനല്ല. ആരോ മോര്‍ഫിങ്ങിലൂടെ ഉണ്ടാക്കിയെടുത്തതാണ്‌ ആ ഫോട്ടോകള്‍' എന്നൊരു ന്യായം കുറെ ദിവസം സ്‌പിയേഴ്സ്‌ പറഞ്ഞുനടന്നെങ്കിലും, ഒടുവില്‍ അല്‍പം കാശ്‌ ചെലവാക്കിത്തന്നെ അവയെല്ലാം വാങ്ങി തന്റെ ഒരു 'വിലപിടിച്ച സമ്മാന'മായി അവള്‍ ആരാധകര്‍ക്ക്‌ സമര്‍പ്പിക്കുകയായിരുന്നു.

എങ്ങനെയുണ്ട്‌ മാന്യകലാകാരിയുടെ രതിവിഷയകങ്ങളായ വികൃതികള്‍? കൊള്ളാം, അല്ലേ? സംഗീത്തത്തോടൊപ്പം ലൈംഗികതയും ആസ്വദിക്കാനുള്ള പടിഞ്ഞാറിന്റെ പ്രവണതയില്‍ ഇത്‌ അത്ര നാണക്കേടുള്ള കാര്യമൊന്നുമല്ല.അവിടെയും കഴിഞ്ഞില്ല തമാശ. ഇങ്ങനെ ചെയ്യുന്നതിന്‌ (സ്വയം തന്റെ ചിത്രങ്ങളാണെന്ന്‌ തുറന്നു സമ്മതിച്ച്‌ ആ അഴുക്കും വിഴുപ്പുമെല്ലാം മറ്റുള്ളവര്‍ക്ക്‌ സമ്മാനിക്കുമ്പോള്‍) പുള്ളിക്കാരിയുടെ ന്യായം എന്തായിരുന്നു?
'ഞാന്‍ എന്റെ ഭര്‍ത്ത)വുമായി രമിക്കുന്നതില്‍ യതൊരു തടസ്സങ്ങളെയും ഇഷ്ടപ്പെടുന്നില്ല; വകവയ്ക്കുന്നില്ല. ഇത്‌ എന്റെ സ്വാതന്ത്ര്യമാണ്‌. ഹവായ്‌ ദ്വീപിലെ ഞങ്ങളുടെ സ്വകാര്യലീലകള്‍ പാപ്പരാസികള്‍ ഷൂട്ട്‌ ചെയ്യുമെന്ന്‌ കരുതിയില്ല.'

എത്രനല്ല ജാമ്യവാക്യങ്ങള്‍! കിടപ്പറയെ ഒരു ദ്വീപിലെ തുറന്ന വേദിയിലേക്ക്‌ പരാവര്‍ത്തനം ചെയ്യുന്നതിലെ ത്രില്‍ അവളെ സംബന്ധിച്ച്‌ മറ്റൊരു ഗ്രാമ്മി അവാര്‍ഡ്‌ പോലെ ആയിരുന്നിരിക്കാം!അമേരിക്കയിലെ ഈ ചൂടു വാര്‍ത്തയ്ക്കു പിന്നിലായിരുന്നു ദിനപത്രങ്ങളും മറ്റു മാധ്യമങ്ങളും. ഇറാഖിലെയും ഗാസയിലെയും ദുരന്തങ്ങളും സെനറ്റില്‍ ബുഷിന്റെ വിയര്‍ക്കലുമെല്ലം രണ്ടാം പരിഗണനയിലായത്രേ. അതെങ്ങനെ തെറ്റാവും? ഇതിനെക്കാള്‍ വലിയ ഒരു ദുരന്തം അമേരിക്കയില്‍ വേറെയെന്ത്‌? ഒരു സാധാരണ ജോലിക്കാരിയോട്‌ കമ്പം തോന്നിയ മറ്റൊരു പ്രസിഡന്റ്‌ കുറെ ഉപ്പ്‌ വിഴുങ്ങിയതും വെള്ളം കുടിച്ചതും ആവോളം ആഘോഷിച്ചവര്‍ക്ക്‌ ഇതങ്ങനെ വിട്ടുകളയാന്‍ പറ്റുമോ?

(രണ്ടാമത്തെക്കാര്യം ഒരു പഴയ സംഭവമാണ്‌. തുറന്നു പറയുന്നതില്‍ ആര്‍ക്കും വിഷമം തോന്നരുത്‌. കൊച്ചുകുട്ടികള്‍ ആരെങ്കിലും സമീപത്തുണ്ടെങ്കില്‍ അല്‍പ്പനേരത്തേക്ക്‌ ചെവിപൊത്തിയേക്കാന്‍ അവരോട്‌ പറയുക.)

രണ്ടു വര്‍ഷം മുന്‍പ്‌ ഒരു പാര്‍ട്ട്‌-ടൈം (സേവനം) ജോലിക്ക്‌ ചേര്‍ന്ന ഞാന്‍ പരിചയപ്പെട്ട ഒരു സഹപ്രവര്‍ത്തകന്‍ പൊതുവേ എല്ലാം തുറന്നു പറയുന്ന (മാന്യന്‍ തന്നെ, സംശയിക്കണ്ട.) ആളായിരുന്നു. സെക്സ്‌ ടൂറിസത്തിന്റെ അപകടവഴികളെക്കുറിച്ചും അത്‌ കടന്നുവരുന്ന മാര്‍ഗ്ഗങ്ങളെക്കുറിച്ചും, എയിഡ്‌സ്‌ പ്രതിരോധത്തെക്കുറിച്ചുമൊക്കെ ക്ലാസുകളെടുക്കുന്ന ജോലി. സെക്സ്‌ മാഫിയകളുടെ പ്രധാന ഉപാധി മൊബൈയ്‌ല്‌ ഫോണാണെന്ന്‌ ഞങ്ങള്‍ പറയാറുണ്ടെങ്കിലും അത്തരം അനുഭവങ്ങള്‍ ചിലര്‍ പറഞ്ഞപ്പോള്‍ ഞാന്‍ ആകെ അമ്പരന്നു. ദൂരെപ്പോകുമ്പോള്‍മാത്രം കൈയില്‍ വയ്ക്കാന്‍ താല്‍ക്കാലികമായി തരപ്പെടുത്തിയ മൊബൈയില്‍ ഞാന്‍ കൂട്ടുകാരിക്ക്‌ തിരികെക്കൊടുക്കുകയും ചെയ്തു. (ഒന്നാമത്‌ എന്റെ ഇത്തരം സാമൂഹ്യസേവനമൊന്നും അച്ഛന്‌ ഇഷ്ടമല്ല. ഒരു ആങ്ങളയുള്ളത്‌ വീടുപേക്ഷിച്ച്‌ വടക്കേ ഇന്‍ഡ്യയിലെവിടെയോ ഒതുങ്ങിക്കഴിയുന്നു. അമ്മയ്ക്ക്‌ ചില 'മനോദുഃഖങ്ങളുടെ' രോഗാവസ്ഥയും. 'എന്തിനാ ഞാനുംകൂടി മറ്റൊരു തലവേദന പിടിച്ചുവെയ്ക്കുന്നത്‌' എന്നായിരുന്നു അപ്പോഴത്തെ ചിന്ത.)

'നിത്യസാറേ... ഈ പേടി മാറ്റാന്‍ ഞാന്‍ ഒരിക്കല്‍ നിങ്ങളെ ഒന്ന്‌ ഞെട്ടിച്ചാലോ എന്ന്‌ കരുതുന്നു. നിങ്ങളൊരു പെണ്‍പുലിയാന്നാ ഞാന്‍ വിചാരിച്ചെ. ഇതിപ്പോ ആകെ വെരണ്ടല്ലോ?' - സഹപ്രവര്‍ത്തകന്‍ കളിയാക്കി.

'സാറിനി എങ്ങനെ വിചാരിച്ചാലും ഞാന്‍ ഞെട്ടാനൊന്നും പോകുന്നില്ല..' ഞാന്‍ പഴയ എസ്‌. എഫ്‌. ഐ.ക്കാരിയായി പറഞ്ഞു.

അയാള്‍ അടുത്ത ദിവസത്തെ പരിപാടി, ലൊക്കേഷന്‍, വാഹനത്തിന്റെ സൗകര്യം എന്നിങ്ങനെ പല വിഷയങ്ങളിലും ചിലപ്പോള്‍ രാത്രിയില്‍ എനിക്ക്‌ ഫോണ്‍ ചെയ്യുമായിരുന്നു. ഒരു ദിവസം രാത്രി ഒന്‍പതു മണിയോടെ കക്ഷി എന്നെ വിളിച്ചു.

'നമ്മുടെ കൗണ്‍സലിങ്‌ ആവശ്യമുള്ള ഒരു കുട്ടി വിളിക്കും. അവള്‍ക്ക്‌ ചില പ്രത്യേക കാരണങ്ങളാല്‍ അല്‍പ്പം മനസികപ്രശ്നമുണ്ട്‌. ചിലപ്പോല്‍ പരസ്പര ബന്ധമില്ലാതെ ചിലതൊക്കെ പറയും. '

'സാറെ.. ഫോണ്‍വഴി കൗണ്‍സലിംഗ്‌ നടത്താന്‍ ബുദ്ധിമുട്ടാവില്ലേ? അവര്‍ നാളെ നേരില്‍ക്കാണാന്‍ പറഞ്ഞാല്‍പ്പോരേ?' എന്ന എന്റെ ചൊദ്യത്തിന്‌ 'ഇന്നു രാത്രി അവള്‍ ആത്മഹത്യ ചെയ്താല്‍ അതൊരു കഷ്ടമല്ലേ..?' എന്ന മറുചോദ്യമായിരുന്നു അയാളുടേത്‌.

'നിത്യസാര്‍ ഒരു കാര്യം ചെയ്യ്‌. അവള്‍ പറയുന്നതൊക്കെ വെറുതെ പല്ലും കടിച്ചുപിടിച്ച്‌ അങ്ങു കേള്‍ക്കണം. അവള്‍ ചോദിക്കുന്നതിനൊന്നും മറുപടി ആദ്യമൊന്നും പറയണ്ടാ. അവള്‍ എല്ലാം പറഞ്ഞു കഴിഞ്ഞ്‌ ഒന്ന്‌ ഉപദേശിച്ചാല്‍ മതി. നിങ്ങള്‍ പെണ്ണുങ്ങളാവുമ്പോ അതൊക്കെ ശരിയാവുമെന്നേ..!' കക്ഷി ഫോണ്‍ വച്ചു.

കൃത്യം പത്തു മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ ഫോണ്‍ മുഴങ്ങി. അങ്ങേവശത്ത്‌ ഒരു (കിളിമൊഴി) പെണ്‍ശബ്ദം.

'ഹല്ലോ. ഞാനാ.. പ്രിയ. ഇപ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ടവള്‍. എന്തൊക്കെയുണ്ട്‌ വിശേഷങ്ങള്‍? സുഖമാണോ?' - സ്‌പേസ്‌. 'ഞാന്‍ അങ്ങോട്ട്‌ വരട്ടേ?' - സ്‌പേസ്‌.
(ഈ സ്പേസൊക്കെ എന്റെ മറുപടിക്കായുള്ള ഗ്യാപാണ്‌)

'അവിടെ വന്നാല്‍ എന്നെ കെട്ടിപ്പിടിച്ച്‌ സ്വീകരിക്കുമോ?' - സ്‌പേസ്‌.

'മടിയിലിരുത്തി ഉമ്മവെയ്ക്കുമോ?' സ്‌പേസ്‌.

ഞാന്‍ ഒരു നിമിഷം അമ്പരന്നു.നാവിന്തുമ്പില്‍ ചില വാക്കുകള്‍.. അവളെ വഴക്കു പറയാനുള്ള കോപം.. പക്ഷേ, അയാള്‍ പറഞ്ഞത്‌... അവള്‍ ഒരു മാനസികരോഗിയാണെന്ന്! ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന ഒരു പെണ്ണിനോട്‌ ഞാന്‍ മുഖം തിരിക്കുന്നത്‌ ശരിയാവുമോ?

'എടാ കുട്ടാ! നീ ആ തുണിയൊന്ന്‌ ... ഞാന്‍ നിന്റെ കാമദേവനേ.. ഇങ്ങനെ... '
(വാക്കുകളുടെ ഒരു വാല്‍സ്യായനം അവള്‍ തുടരുകയാണ്‌. ആരോ പറഞ്ഞുകേട്ട അറിവില്‍ അസഭ്യമെന്ന്‌ തോന്നാവുന്ന പദപ്രയോഗങ്ങളും, മുക്കലും മൂളലും, ഒരു സ്ത്രീ സ്വയം സന്നദ്ധയായി പുരുഷനെ രസിപ്പിക്കുന്നതിന്റെ ആവേഗങ്ങളും ഇടകലര്‍ന്ന ദീര്‍ഘനിശ്വാസങ്ങളും .. എല്ല്ലാമെല്ലം...)

എന്റെ സര്‍വ ഞരമ്പുകളും ഇടിവെട്ടെറ്റ്‌ തളര്‍ന്നു.
'എന്താടാ ഒന്നും മിണ്ടാത്തെ? നിനക്ക്‌ രസിച്ചോടാ..?' എന്ന മാതൃകയില്‍ മുന്നേറുന്ന ആ ഫോണ്‍ സംഭാഷണം ഞാന്‍ 'ടാപ്‌' എന്ന്‌ മുറിച്ചു.

ആ രാത്രി തീരെ ഉറങ്ങാനായില്ല. ഉച്ചയ്ക്കുമുന്‍പ്‌ എന്റെ മുന്നില്‍ വിശ്വസ്തവിധേയനായി സഹപ്രവര്‍ത്തകന്‍ വന്നു. അല്‍പമൊരു ച്മ്മലോടെ ഞങ്ങള്‍ രണ്ടാളും ചിരിച്ചുപോയി.

'നിത്യസാറേ.. ഞാന്‍ വാക്കുപാലിച്ചു. ശരിക്കും ഞെട്ടിക്കാണുമല്ലോ? അരമണിക്കൂര്‍ കഴിഞ്ഞ്‌ ഞാന്‍ വിളിച്ചപ്പോള്‍ ഫോണ്‍ ദിസ്‌കണക്റ്റായിരുന്നു. ഇപ്പോള്‍ സാറിന്‌ മനസ്സിലായോ, ഇതാണ്‌ സെക്സ്‌ ടൂറിസത്തിന്‌ മലയാള ഭാഷയും കേരളീയതയും നല്‍കുന്ന അനുഭവപാഠം. ഇപ്പോള്‍ ഒരു ഫോണിലൂടെയും എയിഡ്‌സ്‌ പകരുമോ എന്നാ എന്റെ സംശയം!'

യൂറോപ്യന്‍ രാജ്യങ്ങളുടെ 'കാള്‍ഗേള്‍' മാതൃകകളുടെ ചുവടുപിടിച്ച്‌ കേരളത്തില്‍ ഈ ബിസിനസ്സ്‌ നന്നായി പ്രചാരത്തിലെത്തിയിട്ടുണ്ടെന്ന്‌ എന്റെ സുഹൃത്തായ ഒരു പ്രശസ്ത പത്രപ്രവര്‍ത്തകന്‍ അടിവരയിടുന്നു. നല്ല ജീവിതസൗകര്യവും ചുറ്റുപാടുകളുമുള്ള വീടുകളിലെ പെണ്‍കുട്ടികളുടെ ശബ്ദവും ചിത്രങ്ങളും ഇക്കാര്യത്തില്‍ വിനിയോഗിക്കപ്പെടുന്നുണ്ട്‌. കേരളത്തില്‍ എളുപ്പം ചെലവാകുന്ന രണ്ടുകാര്യങ്ങള്‍; ഒന്ന്‌- മദ്യം, രണ്ട്‌- സ്ത്രീശരീരം!

ബ്രിട്ട്‌നി സ്പ്‌ീയേഴ്‌സിന്റെ കഥയും ഈ കേരളീയ സംഭവവും ചേര്‍ത്തുവായിച്ചാല്‍ ചില താദാത്മ്യങ്ങള്‍ കാണാം. സ്ത്രീശരീരം. ശബ്ദം, ചലനങ്ങള്‍ എന്നിവയൊക്കെ സ്വരൂപിക്കുന്ന ചില ആകര്‍ഷണമേഖലകളുണ്ട്‌. അമേരിക്കന്‍ പാട്ടു/ആട്ടക്കാരിയും കേരളീയ ഫോണ്‍-ലൈംഗികഭാഷണക്കാരിയും പടിഞ്ഞാറിന്റെയും കിഴക്കിന്റെയും സുഖമാപിനികളിലെ 'രസബിന്ദു'ക്കളാണ്‌. അമേരിക്കയില്‍ അത്‌ പണത്തിന്റെയും പ്രശസ്തിക്കുമേല്‍ കുപ്രസിദ്ധിയുടെയും പ്രതീകങ്ങളാണെങ്കില്‍ കേരളത്തില്‍ (ഇന്‍ഡ്യയില്‍)ചിലപ്പോള്‍ വയറ്റിപ്പാടിന്റെ കാമസൂത്രമായി വ്യാഖ്യാനിക്കാന്‍ കഴിഞ്ഞേക്കും എന്നുമാത്രം.

പ്രധാനമായ കാര്യം അതല്ല, എല്ലാ വാതിലുകളും തുറന്നിട്ട്‌ 'ശുദ്ധവായു കടന്നുവരട്ടെ' എന്ന്‌ നമ്മള്‍ ആഗ്രഹിക്കുമ്പോള്‍, ഒപ്പം കടന്നുകയറി ആധിപത്യം സ്ഥാപിക്കുന്നത്‌ ഇത്തരം വികലവും വൃത്തികെട്ടതുമായ അതിഭൗതികതയുടെ ആറ്റംബോംബുകളാണെന്ന്‌ നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്‌. അതിനെതിരായ ഗൗരവബുദ്ധി ഉണര്‍ത്തുകയും ധീരമായി നേരിടുകയും ചെയ്യാനുള്ള ആര്‍ജജവം അധികാരികളുടെയും ജനസേവകരുടെയും ഭാഗത്തുനിന്ന്‌ ഉണ്ടാകേണ്ടതാണ്‌. സന്നദ്ധസംഘടനകള്‍ക്കും യുവജനങ്ങള്‍ക്കും പ്രാദേശിക കലാസംഘടനകള്‍ക്കും പോലും ഇക്കാര്യത്തില്‍ ചിലതൊക്കെ ചെയ്യാന്‍ കഴിയുമെന്ന്‌ എന്റെ കുറഞ്ഞ അനുഭവത്തില്‍നിന്ന്‌ പറയാന്‍ കഴിയും.

മിന്നുന്നതെല്ലം പൊന്നല്ലെന്ന്‌ വീണ്ടും പറയാം.

*****

Friday, December 15, 2006

'സ്വര്‍ണം' എന്ന വിഷായുധം

പെണ്ണുങ്ങള്‍ക്ക്‌ പല പ്രശ്നങ്ങളുമുണ്ട്‌.

ഓഹോ.. പെണ്ണുങ്ങള്‍ക്കേ പ്രശ്നങ്ങളുള്ളോ?

സഹോദരാ, ക്ഷമിക്കണം. തെറ്റായ ധാരണ (തെറ്റിദ്ധാരണ) വേണ്ട. പെണ്ണുങ്ങള്‍ക്കുള്ള ജീവശാസ്‌ത്രപരമായ ചില പ്രശ്നങ്ങളെക്കുറിച്ചാണ്‌ സൂചിപ്പിക്കാന്‍ ശ്രമിച്ചത്‌.

അതുശരി. ഞാന്‍ കരുതി ഇതൊരു സ്ത്രീപക്ഷവാദത്തിന്റെ കേളികൊട്ടാണെന്ന്‌!

അല്ല. ഒരു പക്ഷവുമില്ല. ഞങ്ങള്‍ സ്ത്രീകള്‍ക്ക്‌ പുരാതന കാലം മുതല്‍ അനുവദിച്ചു തന്നിട്ടുള്ള ശരീരപരമായ ചില സംവരണങ്ങളുണ്ടല്ലോ.

ഓഹ്‌.. അത്‌!

ങ്‌ഹാ.. അതുതന്നെ. പഴമക്കാര്‍ പറയുന്ന തീണ്ടാരിക്കുളി. ഗര്‍ഭധാരണമെന്നും പ്രസവമെന്നും മുലയൂട്ടലെന്നുമൊക്കെ പറയുന്ന വിവിധോദ്ദേശപദ്ധതികള്‍ക്കിടയില്‍...

എന്താ ഒരു അര്‍ദ്ധോക്തിയില്‍ (പാതി സംഭാഷണത്തില്‍) നിര്‍ത്തിക്കളഞ്ഞത്‌?

അല്ല.. ഇതുവരെ പറഞ്ഞതൊന്നുമല്ല എന്റെ വിഷയം.

പിന്നെ?

അണിഞ്ഞൊരുങ്ങുക, സ്വയം പ്രദര്‍ശിപ്പിക്കുക, മോഹമുക്തരായ ആണത്തത്തെപ്പോലും ഒന്ന്‌ പ്രലോഭിപ്പിക്കുക... എന്ന അര്‍ഥത്തില്‍ ഞങ്ങള്‍ കൈയാളുന്ന ചില അവകാശങ്ങള്‍..

ഓ... മോഡലിങ്ങും ഫാഷന്‍ പരേഡുമായിരിക്കും ഉദ്ദേശിക്കുന്നത്‌...?

ഏയ്‌.. അല്ല. അതൊക്കെ പ്രലോഭനത്തിന്റെ ഭാഗമാണെങ്കിലും ഇപ്പോള്‍ ചര്‍ച്ചയ്ക്കെടുക്കേണ്ടതില്ല. അവയെക്കാളേറെ അപകടകാരിയായ, വേണമെങ്കില്‍ പുരാതനമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന അഴകേറിയ ഒരു തിന്മയാണ്‌ വിഷയം.

വേശ്യാവൃത്തിയെന്നും ലൈംഗികത്തൊഴിലെന്നും....

ഉടനേ അങ്ങോട്ടു മറുകണ്ടം ചാടിയോ സഹോദരാ? അല്ലെങ്കിലും നിങ്ങള്‍ പുരുഷന്മാര്‍ക്ക്‌ ഇഷ്ടപ്പെട്ട വിഷയമാണല്ലോ അത്‌!

ഓഹ്‌.. ക്ഷമിക്കണം. എനിക്ക്‌ തെറ്റിയതാവാം. ശരി പറയൂ, എന്താണീ... പണ്ടാര വിഷയം?

സ്വര്‍ണ്ണമാണ്‌. തൊള്ളായിരത്തി പതിനാറ്‌ ഗാരന്റിയുള്ള സ്വര്‍ണ്ണം.. അതിന്റെ വ്യവസായം. അത്‌ കേരളീയ ജീവിതത്തില്‍ ഉളവാക്കുന്ന കടുത്ത പ്രതിസന്ധികള്‍.

'കനകം മൂലം കാമിനിമൂലം കലഹം പലവിധമുലകില്‍ സുലഭം' - എന്നാണല്ലോ ചൊല്ല്‌.

ഇവിടെ കലഹത്തിന്റെ കഥയൊന്നും ഞാന്‍ പറയുന്നില്ല.

പിന്നെ?

കനകം (സ്വര്‍ണ്ണം) കേരളീയ വനിതയുടെ ജീവിതത്തില്‍ വരുത്തുന്ന ധാര്‍മികവ്യതിയാനങ്ങളെക്കുറിച്ചാണ്‌ എനിക്ക്‌ പായാനുള്ളത്‌.

അതു ശരി! വ്യവസ്ഥാപിത സ്ത്രീസൌന്ദര്യ സങ്കല്‍പത്തിന്റെ അലകും പിടിയും മാറ്റിക്കളയാമെന്നാണോ?

ഏയ്‌.. അങ്ങനെ നിര്‍ബ്ബന്ധമൊന്നുമില്ല. എന്നാലും, സ്വര്‍ണ്ണത്തെ ശയനപ്രദക്ഷിണം ചെയ്യുന്ന ഈ സ്ത്രീസങ്കല്‍പം മാറേണ്ടതുതന്നെയെന്ന്‌ ഞാന്‍ കരുതുന്നു.

കാരണമെന്താ? ഇത്‌ നിങ്ങളുടെ അസൂയയാവാം. നിത്യേ. മറ്റുള്ള പെണ്ണുങ്ങള്‍ അണിഞ്ഞൊരുങ്ങുന്നതും അവരുടേ അഴകും ആഭരണകാന്തിയും മറ്റുള്ളവര്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതും...

ദാ...വീണ്ടും തെറ്റുധാരണ! സഹോദരാ സ്വര്‍ണം എന്ന ലോഹം നമ്മുടെ വ്യക്തിത്വത്തെ എങ്ങനെ നിര്‍ണയിക്കുന്നു? അത്‌ വാരിക്കോരിയണിയുന്ന സ്ത്രീശരീരത്തിന്‌ അതില്ലാത്ത 'പാവം' സ്ത്രീയില്‍നിന്ന്‌ എന്ത്‌ മഹത്വവും വ്യത്യസ്തതയുമാണ്‌ ഉണ്ടാവുന്നത്‌? ഈ സംശയം.. വിശാലമായ ഒരു ചര്‍ച്ചയ്ക്ക്‌ കാരണമാകേണ്ടതാണെന്ന്‌ ഞാന്‍ കരുതുന്നു.

സ്വര്‍ണം മാത്രമെന്തിന്‌ മറ്റു ലോഹങ്ങളായ വെള്ളിയും ചെമ്പും, വേണമെങ്കില്‍ സ്റ്റെയിന്‍ലെസ്‌ സ്റ്റീല്‍ വരെ അങ്ങനെയാവാമല്ലോ! പിന്നെ, പട്ടുസാരിയും അത്‌ ഉടുക്കുന്ന രീതിയും മുതല്‍ ചുണ്ടിന്മേല്‍ പുരട്ടുന്ന നിറങ്ങള്‍ വരെ...

അല്ലല്ല. അതൊക്കെ സഹോദരന്‍ പിന്നാലെ ചര്‍ച്ച ചെയ്തോളൂ. ഇപ്പോള്‍ സ്വര്‍ണം മാത്രം.

ഓക്കേ... സമ്മതിച്ചു. പക്ഷേ, നിത്യ ഒന്നോര്‍ക്കണം... താനും നാളെ സ്ത്രീധനമായി കിട്ടേണ്ടുന്ന 'പവന്‍ തൂക്കം മുഴുവന്‍ ഒരു പണമിട കുറയാതെ തന്നേപറ്റൂ' എന്ന്‌ മാതാപിതാക്കളോട്‌ പിണങ്ങാന്‍ പോകുന്ന വെറുമൊരു പെണ്ണാണെന്ന്‌ മറക്കണ്ട.

ഇതാണ്‌ സഹോദരനെപ്പോലുള്ളവരെ ഞങ്ങള്‍ പെണ്ണുങ്ങള്‍ അത്തരം മാന്യമായ പരിഗണനയുടെ പരിധിക്ക്‌ പുറത്താക്കുന്ന പ്രശ്നം. നിങ്ങളൊക്കെ ഒരു മുന്‍വിധിയോടെ അല്ലെങ്കില്‍ ശീലിച്ചുപോയ വികലധാരണകളോടെ മാത്രമേ സ്ത്രീകളുടെ പ്രശ്നങ്ങളില്‍ ഇടപെടാറുള്ളു. അപ്പോള്‍ നിങ്ങളുടെ ലക്ഷ്യം വാദിച്ചു ജയിക്കുക മാത്രമാണ്‌. ഇത്‌ ശരിയല്ല. തുറന്ന മനസ്സില്ലാതെ തുടിച്ച മസിലുകള്‍ ഉണ്ടായതുകൊണ്ട്‌ എന്ത്‌ പ്രയോജനം?

ഓഹ്‌... സോറി. എന്റെ കസേരയുടെ നാലാം കാലിന്‌ ഒരിളക്കം. അതാ പ്രശ്നം. ങ്‌ഹാ... അത്‌ ശരിയായിക്കൊള്ളും. തുടരൂ നിത്യേ.

ഇനി ഒരു ക്വിസ്‌ ചോദ്യമാവാം!
ലോകത്തില്‍ ഏറ്റവുമധികം സ്വര്‍ണാഭരണങ്ങള്‍ വിപണനം ചെയ്യുന്നത്‌ എവിടെ?

ഇന്ത്യയില്‍, കേരളത്തില്‍.

ശരി. പത്ത്‌ പോയന്റ്‌.
ഇനി, സ്വര്‍ണാഭരണങ്ങള്‍ക്കായി നെട്ടോട്ടമോടുന്നതിനിടയില്‍ കോടിക്കണക്കിന്‌ രൂപ 'മൃതമൂലധന'മായി വെരുതെ കളയുന്ന നാട്‌?

കേരളം... കേരളം... കേരളം...!

ഉല്‍പാദന്മേഖലയിലേക്ക്‌ വരേണ്ടുന്ന ഈ വന്‍തുകയുടെ പിന്നിലെ സാമ്പത്തികശാസ്ത്രത്തില്‍ സധാരണ മനുഷ്യന്റെ പങ്കെന്താണ്‌?

ഒരു പുല്ലുമില്ല.

കറുത്ത പണത്തെ വെളുപ്പിക്കാനുള്ള ഒരു ഒന്നാംതരം ധനോപയോഗമേഖലയല്ലേ ഇത്‌?

അതെ... നിശ്ചയമായും.

കേരളത്തില്‍ അല്ലെങ്കില്‍ ഗള്‍ഫ്‌ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ ചോര നീരാക്കി ജന്മം തുലയ്ക്കുന്നവരുടെ ജീവിതത്തിലും ഈ മഞ്ഞലോഹത്തിന്റെ വിഷാംശം കാണുന്നില്ലേ?

അതെ.. അല്ല. ശരിയാവണം. (എന്നാലും ഒരു സംശയം...?)

പറഞ്ഞത്‌ രണ്ടും ശരിയാന്‌. ഒരേ സമയം തന്നെ അത്‌ വ്യക്തിയുടെ സമ്പാദ്യശീലമെന്ന മൌലികാവകാശത്തെ 'ഏത്‌ മാര്‍ഗത്തിലും സമ്പത്ത്‌ നേടിയെടുക്കുക'യെന്ന സിദ്ധാന്തമാക്കി പൊലിപ്പിക്കുന്നതോടൊപ്പം, ഒരു പുതിയ ജീവിതമെന്ന സങ്കല്‍പ്പത്തെ മനസ്സില്‍നിന്ന്‌ അടര്‍ത്തിമാറ്റി തികച്ചും ഭൌതികമായ സ്വര്‍ണമെന്ന രാസവസ്തുവുമായി കൂട്ടിയിണക്കുകയാണ്‌.

മനസ്സിലായില്ലല്ലോ പെങ്ങളേ.

അതായത്‌... സ്വര്‍ണം സ്ത്രീയുടെ അണിഞ്ഞൊരുങ്ങലിന്റെ ഉപാധി മാത്രമല്ല, സമ്പത്ത്‌ കൈയാളുന്നവന്‌ അത്‌ പ്രദര്‍ശിപ്പിക്കാനുള്ള വേദി കൂടിയാണ്‌ ഒരു പെണ്ണിന്റെ ശരീരം. കാതിലും കഴുത്തിലും, കൈയിലും അരക്കെട്ടിലും, നെറ്റിയിലും നാസികയിലും, വിരലുകളിലും.. പിന്നെ കാല്‍പ്പാദങ്ങളിലും.

ഇപ്പോള്‍ മനസ്സിലായി. അതായത്‌ ഒരു മാതിരി എക്സിബിഷനിസം. പ്രദര്‍ശനപരത.

അതെ. ഉള്ളവന്‍ ഇത്‌ ചെയ്യുമ്പോള്‍ ഇല്ലാത്തവനോ? അവന്‍ തന്റെ മകള്‍ക്കായി കഴിയുന്നത്ര സ്വര്‍ണം ഒപ്പിച്ചെടുക്കാന്‍ നെട്ടോട്ടമോടും. ജീവിതം തന്നെ അതിനായി എരിയിക്കും.

ശരിയാ പെങ്ങളെ. ചിലര്‍ ആണ്മക്കളുടെ പേരില്‍ വിലപേശി മറ്റൊരു കുടുംബത്തിന്റെ സമാധാനവും കെടുത്തും. ചിലപ്പോള്‍ ചിലരൊക്കെ വിജയിച്ചേക്കാം. എന്നാല്‍ എല്ലാവര്‍ക്കും അതിനാവില്ലല്ലോ!

സഹോദരന്‍ പറഞ്ഞത്‌ നൂറു ശതമാനം ശരി. ഇങ്ങനെ... പെണ്ണിനെ കേന്ദ്രബിന്ദുവാക്കി, രണ്ട്‌ കുടുംബങ്ങള്‍ക്കിടയില്‍ ഒരു ശീതയുദ്ധം തന്നെ നടക്കുന്നു.ആത്മഹത്യകള്‍... കൊലപാതകങ്ങള്‍... ദാമ്പത്യകലഹങ്ങള്‍. ഒരു വിവാഹം 'മാന്യമായി' നടത്തുന്നതിനുവേണ്ടിയോ വിവാഹശേഷം അത്‌ ധനവിനിയോഗത്തിലൂടെ നിലനിര്‍ത്തുന്നതിനുവേണ്ടിയോ കഷ്ടപ്പെടുന്നതിനിടയ്‌ഇല്‍ തകര്‍ന്ന കുടുംബങ്ങള്‍ എത്രയെത്ര! എന്തൊരു കിറുക്ക്‌? അതെ, ഇത്‌ സമ്പത്തിനെ കേന്ദ്രീകരിച്ച്‌ ബന്ധങ്ങളെ വിലയ്ക്കു വാങ്ങുന്ന വൃത്തികെട്ട ഒരു സംസ്കാരം.കേരളത്തില്‍ ഇപ്പോള്‍ ഭീകരാവസ്ഥയില്‍ വളര്‍ന്നുകഴിഞ്ഞതും നാളെ ആയിരം മടങ്ങ്‌ നശീകരണശേഷിയോടെ ജ്വലിക്കുന്നതുമായി നിലനില്‍ക്കുന്ന ഈ വിഷയത്തില്‍ നമുക്ക്‌ എന്ത്‌ ചെയ്യാന്‍ കഴിയും?

നിത്യേ... എനിക്ക്‌ തോന്നുന്നു സര്‍ക്കാര്‍ അടിയന്തിരമായി ഒരു നിയമം നല്ല ഇച്ഛാശക്തിയോടെ നടപ്പാക്കിയാല്‍ ഒരു പരിധിവരെ ഇത്‌ തടയാന്‍ പറ്റിയേക്കും.

സഹോദരാ... നിയമങ്ങള്‍ക്കാണോ പഞ്ഞം? സ്ത്രീധന നിരോധന നിയമം നിലവിലുണ്ടല്ലോ. കാലുമാറ്റ നിരോധന നിയമവും പൊതുസ്വത്ത്‌ ദുരുപയോഗത്തിനെതിരായ നിയമവും ഉണ്ടല്ലോ. എന്തെങ്കിലും പ്രയോജനം...?

ശരിതന്നെ. എന്നാലും നമ്മുടെ അധികാര സ്ഥാപനങ്ങള്‍ കുറെയൊക്കെ സത്യസന്ധവും ഋജുവുമായാല്‍ പ്രത്യക്ഷമായ പ്രയോജനം ഉണ്ടായേക്കുമെന്ന്‌ എനിക്ക്‌ തോന്നുന്നു.

ആയേക്കാം. എന്നാല്‍ നമ്മുടെ മാതാപിതാക്കള്‍,ആണും പെണ്ണുമായ കുട്ടികള്‍, വിവഹച്ചന്തയിലേക്ക്‌ കയറിട്ട്‌ നടത്തപ്പെടുന്ന 'ആണത്ത'മുള്ള യുവാക്കള്‍... ഇവരൊക്കെ വേണമെന്ന്‌ വിചാരിച്ചാല്‍ നടക്കാത്ത കാര്യമല്ല ഇത്‌.

അതെ. പണം അല്ലെങ്കില്‍ സമ്പത്ത്‌ മാത്രമാണ്‌ ജീവിതത്തിന്റെ തുലാസില്‍ വിലയേറ്റുന്ന വസ്തുതയെന്ന്‌ ചിന്തിക്കാത്ത, തിരിച്ചറിവുള്ള പുതിയ സമൂഹം ഉണര്‍ന്നുവന്ന്‌ ഉറക്കെ പറയട്ടേ... 'നിര്‍ത്തൂ ഈ വിവരക്കേട്‌' എന്ന്.

സ്വര്‍ണം എന്ന വിഷായുധം നമുക്ക്‌ പ്രദര്‍ശിപ്പിക്കാനുള്ള ഒരു വസ്തുവായി മാറുന്നതിന്റെ അപാകത ചെറുതല്ല. ഒരു സാമ്പത്തികോപാധിയെന്ന നിലയില്‍ അത്‌ സൂക്ഷിക്കുന്നതും വിനിമയം ചെയ്യുന്നതും പോലെയല്ല... പ്രദര്‍ശനശാലയാക്കി സ്ത്രീയെ അധഃപതിപ്പിക്കുന്നതിലെ തിന്മ. പെണ്‍കുട്ടികള്‍ ആ തിന്മയെ ഒരു വിഷസര്‍പ്പത്തെയെന്ന പോലെ കൈയൊഴിയാന്‍ തയ്യാറാവണം.

അത്‌ നടക്കുമോ നിത്യേ? പൊന്ന്‌ മുഴുവന്‍ തങ്ങളുടെ ശരീരത്തെ അലങ്കരിക്കാനുള്ള പുണ്യമായിട്ടല്ലേ നമ്മുടെ മിക്ക പെണ്‍കുട്ടികളും കാണുന്നത്‌?

ശരി തന്നെ. അതൊരു അനുശീലനത്തിന്റെ, തുടര്‍ച്ചയുടെ ഭാഗമാണ്‌. അമ്മ നടന്ന വഴിയേ മകളും! പക്ഷേ അറിവും വിശകലനശേഷിയുമുള്ളവര്‍ ചിന്തിച്ച്‌ വഴിമാറി നടക്കാത്തതാണ്‌ ഏറ്റവും ലജ്ജാകരമായ സംഗതി. കുറെപ്പേരെങ്കിലും അതിന്‌ തയ്യാറായി മറ്റുള്ളവരെ പ്രേരിപ്പിച്ചില്ലെങ്കില്‍ ഈ നാട്ടില്‍ വിവാഹം എന്ന കമ്പോളവ്യവസ്ഥ ഒരിക്കലും അവസാനിക്കില്ല.

അതെങ്ങനെ... നിത്യേ? സ്വര്‍ണത്തിന്റെയും അതിന്റെ കച്ചവടത്തിന്റെയും വേതാളങ്ങള്‍ നമ്മുടെ എല്ലാ മാധ്യമങ്ങളുടെയും ഇടങ്ങളെല്ലാം സ്വന്തമാക്കി വര്‍ണ്ണാഭമായ പരസ്യങ്ങള്‍ നല്‍കി ആ തീക്കുണ്ഡത്തിലേക്ക്‌ പാവം പെണ്ണുങ്ങളെയും ഒപ്പം ആണുങ്ങളെയും ഈയാമ്പാറ്റകളാക്കി വലിച്ചടുപ്പിക്കുകയല്ലേ...?

വാസ്തവം. ഭീകരമായ ഒരു വാസ്തവം. ഒരു കൊച്ചുകുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ നമ്മള്‍ ഈ മഞ്ഞലോഹത്തിന്റെ തടവറയിലാണ്‌. അരഞ്ഞാണം കെട്ട്‌ മുതല്‍ ഷഷ്ടിപൂര്‍ത്തി വരെ നീളുന്ന ബന്ധനം.

അല്ല നിത്യേ... ഞങ്ങളുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്‌ 'തലമുടിയുള്ളോള്‌ ചായ്ച്ചും ചരിച്ചും കെട്ടും. മൊട്ടച്ചിയ്ക്കെന്തിനാ അതുകണ്ട്‌ കണ്ണുകടി?' എന്ന്‌. പണവും അതിന്റെ വകുപ്പും ഉള്ളവര്‌ നൂറും ഇരുന്നൂറും പവനിട്ട്‌ മക്കളെ കെട്ടിച്ചയക്കുമ്പോ (നോട്ട്‌ ദ പോയന്റ്‌: 'കെട്ടിച്ചയക്കുക'.. എന്റമ്മേ. അതൊരു കഴുത്തില്‍ കയറുകെട്ടല്‍ തന്നേ.?) കാല്‍ക്കാശില്ലാത്ത പാവം അപ്പനും അമ്മയും അതിനു കൊതിച്ചാല്‍...?

ദാ.. തനി സ്വഭാവം പൊറത്തുവന്നു. ഇത്‌ തിരുവനന്തപുരത്ത്‌ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ പ്രശ്നത്തില്‍ ഒരു ആശ്രമമാതാവ്‌ പറഞ്ഞതുമാതിരിയായല്ലോ. 'നമ്മള്‍ക്ക്‌ കൈയെത്തുന്നതേ നമ്മള്‍ ആശിക്കാവൂ മകളേ'- എന്ന്‌. ദൈവസൃഷ്ടിയുടെ അവകാശത്തില്‍പ്പെടുന്ന ഒന്നുതന്നെയാണ്‌ കഴിവിനും നിയമത്തിനും അനുസരിച്ചുള്ള മെച്ചപ്പെട്ട എന്തും. ആ അവകാശങ്ങള്‍ ചിലര്‍ക്കുമാത്രമായി പരിമിതപ്പെടുത്താന്‍ ആര്‍ക്കാണധികാരം?

സമ്മതിച്ചു. അപ്പോള്‍ നമ്മുടെ രക്ഷാകര്‍ത്താക്കള്‍ മക്കളുടെ സ്ത്രീധനത്തിനായുള്ള നെട്ടോട്ടം അവസാനിപ്പിക്കണം എന്നാണോ... നിത്യ പറയുന്നത്‌?

അതെ. മക്കളെ ആവോളം സ്നേഹിക്കുക. പോഷിപ്പിക്കുക. അവരുടെ പുറമേയുള്ള ലോകം മാത്രമല്ല മനസ്സിന്റെ ലോകവും വികസിക്കട്ടെ. പണവും, സ്വര്‍ണവും പദവിയും മാത്രമല്ല... മാനുഷികതയുടെ മറ്റുപല മൂല്യങ്ങളും അവര്‍ പഠിക്കട്ടെ. അങ്ങനെ..അങ്ങനെ.. നമ്മുടെ പുതുതലമുറ പണവും സ്വര്‍ണവും തൂക്കിനോക്കുന്ന വെറും കച്ചവടക്കാരായി മാറുന്നതിനു പകരം... ജിവിതത്തെക്കുറിച്ച്‌ മൂല്യവത്തായ തിര്‍ച്ചറിവുകളുള്ള മനുഷ്യജീവികളായി മാറട്ടെ.

ഒരു നല്ല കേരളീയന്‍.. ഭാരതീയന്‍ അതിലൂടെ കണ്‍തുറക്കട്ടെ.

***

സര്‍വേ:

1. വിവാഹച്ചടങ്ങില്‍ പെണ്ണിന്‌ സ്വര്‍ണ്ണം എത്രത്തോളമാവാം?

(എ) മിനിമം (ബി) മാക്സിമം

2. പെണ്ണത്തമുള്ള (സ്വര്‍ണ്ണസ്നേഹികളായ) പുരുഷന്മാരെ ആണത്തമുള്ളവര്‍ എങ്ങനെ കാണുന്നു?

(എ) മോശം (ബി) നല്ലത്‌

(വിശദമായ അഭിപ്രായവും ആവാം. വിജയിക്കുന്നവര്‍ക്ക്‌ സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല: ലേഖിക)

Sunday, December 10, 2006

ഓര്‍മ്മക്കുറിപ്പ്‌

എന്നെക്കുറിച്ച്‌ പറയുംമുമ്പ്‌ ഏതെങ്കിലും ഒരു മഹത്‌വ്യക്തിയെ ഓര്‍മ്മിച്ചിട്ടാവം എന്ന്‌ കരുതി. ഏത്‌ മഹാന്‍ എന്നോര്‍ത്തപ്പോള്‍ ആകെ കുഴഞ്ഞു. ആയിരക്കണക്കിന്‌ പതിനായിരക്കനക്കിന്‌ മഹാന്മാര്‍! അത്രയേറെ മഹാന്മാരുടെ ഒരു പുണ്യഭുമി ആയിട്ടും നമ്മള്‍ പാവം ദൈവത്തിന്റെ പേരിലാണല്ലോ ഈ നാടിനെ ജാമ്യത്തിലെടുത്തിരിക്കുന്നത്‌!.

ദൈവം അങ്ങനെ ഒരു നാടിന്റെ, ഒരു ചെറിയ സംസ്ഥാനത്തിന്റെ മാത്രം സ്വന്തമാകുമെന്ന നമ്മുടെ (ഭരണ) കര്‍ത്താക്കളുടെ വിവരം അപാരം തന്നെ. പക്ഷെ, ഞാന്‍ നോക്കിയിട്ട്‌ പുറത്തും ഉള്ളിലും ഇത്രയേറെ ചെകുത്താന്മാരെ കാണാവുന്ന വേറെ ഒരു പ്രദേശവും ഈ ഭൂമിയില്‍ കാണില്ല എന്ന്‌ തോന്നുന്നു. ഇവരുടെ കൈപിടിയില്‍നിന്ന്‌ രക്ഷപെടാന്‍ ദൈവംപോലും ഇത്തിരി കഷ്ടപ്പെടും.അതവിടെ നില്‍ക്കട്ടെ.

ദൈവമാണെന്നോ, അവതാരമാണെന്നൊ വീമ്പിളക്കാത്ത ഒരു മഹര്‍ഷിയെ, ശാസ്ത്രകാരനെ, മനുഷ്യനെ... ഉത്തമനായ ഒരു ഗുരുവിനെ ഒരിക്കല്‍ സന്ദര്‍ശിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. സ്റ്റഡി ടൂറിന്റെ തിരക്കിനിടറ്റില്‍ ഞങ്ങളുടെ സന്മനസ്സുള്ള ചില സാറമ്മാരാണ്‌ അതിനുള്ള അവസരം ഉണ്ടാക്കിയത്‌.

'കാണരുത്‌, കേള്‍ക്കരുത്‌, മിണ്ടരുത്‌' എന്ന സ്‌ലോഗന്‍ പോലെ ഞങ്ങളുടെ പുരുഷപ്രജകളോക്ക്‌ അടങ്ങിയൊതുങ്ങി ഒപ്പം നില്‍ക്കാമെന്ന്‌ സമ്മതിച്ചു. ഒരു പ്രോമിസ്‌ മാത്രമേ അവര്‍ക്ക്‌ വേണ്ടിയിരുന്നുള്ളു. 'എത്രയുംവേഗം തിരിച്ചൂ പോകണം; നല്ല ശാപ്പാടും ഊറക്കവും തരമാക്കണം.' ശരി, സമ്മതിച്ചു.

ബസ്‌ നീലഗിരിയുടെ ചരിവുകളിലൂടെ ആ വൈകുന്നേരത്ത്‌ ഫേണ്‍ഹില്ലിലുള്ള ആശ്രമത്തിലെത്തി. ചുറ്റിലും ശരിക്കും നീലയായ ഗിരി തന്നെ. അതുവരെ ബഹളവും പാട്ടും, പരസ്പരം കളിയാക്കലുമായി 'അടിപൊളി' പരുവത്തിലിരുന്ന എല്ലാ കിണ്ണന്മാരും അതോടെ സ്വിച്ച്‌ തിരിച്ചപോലെ 'മിഴുങ്ങസ്യാ' എന്നായി. (അണ്ണന്മാര്‍) കിണ്ണന്മാര്‍ക്ക്‌ ആ ശാന്തത അത്ര ഇഷ്ടമായില്ലെങ്കിലും ഞങ്ങളുടെ സാറന്മാര്‍ പറഞ്ഞത്‌ അവരും അനുസരിച്ചു എന്നേയുള്ളു.

ആര്‍ഭാടമൊന്നും ഇല്ലാത്ത എന്തൊക്കെയോ പ്രത്യേകതകള്‍ നമ്മില്‍ നിറയ്ക്കുന്ന ഗുരുവിന്റെ വാസസ്ഥലം. ചില പത്രമാസികകളിലൂടെ വായിച്ചു മാത്രം അറിയുന്ന നിത്യ ചൈതന്യയതിയുടെ ആശ്രമം. ഗുരുവും ചില ശിഷ്യന്മാരും ചേര്‍ന്ന്‌ ഞങ്ങളെ സ്വീകരിച്ചു. ആള്‍ക്കൂട്ടവും മന്ത്രങ്ങളും ഉപവാസവും മൌനവ്രതവും പിന്നെ കുറെയേറെ കമാന്റോകളുടെ ചാരക്കണ്ണുകളും ഒക്കെയുള്ള പല ആശ്രമങ്ങളെപ്പറ്റിയും പറഞ്ഞുകേട്ടിട്ടുണ്ട്‌. അവിടെയൊക്കെ പോയിവന്നിട്ടുള്ള ചിലര്‍ 'വീഗാ ലാന്റില്‍' പോയി കളിച്ച്‌ രസിച്ചു വന്നതിന്റെ ലഹരിയോടെ പലതും വിശദീകരിക്കാറുണ്ട്‌. സ്വാമിജി അല്ലെങ്കില്‍ മാതാജി അനുഗ്രഹിച്ച വിധം, സദ്യയുടെ ചിട്ടവട്ടങ്ങള്‍, നാമജപത്തിന്റെ സ്റ്റീരിയൊ-ഡോള്‍ബി എഫക്ട്‌, തുടങ്ങി പലവക. അര്‍ഥമില്ലാത്ത വെറും പൊങ്ങച്ച വ്യായാമങ്ങള്‍ മാത്രം. എന്നാല്‍, ഇതാ വ്യത്യസ്തമായ ഒരു ലോകം. ആര്‍ക്കും ശുദ്ധമായ മനസ്സോടെ കടന്നുവരാവുന്ന സ്വതന്ത്രമായ ഒരു ചിന്താലോകം. അരൂപിയായ ഈശ്വരനെ, പ്രകൃതിയെ, ഇന്ദ്രിയാതീതമായ അനുഭൂതികളെ പരിചയിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്‌, അറിവിന്റെ അതിരില്ലാത്ത കൊടുമുടികളെ ഇഷ്ടപ്പെടുന്നവര്‍ക്ക്‌ ഇതൊരു ഈശ്വരസന്നിധി.

ഒരു മതവും നിങ്ങളെ ചങ്ങലയ്ക്കിടുന്നില്ല. ഒരു ജാതിയും നിങ്ങളെ അസ്പൃശ്യനാക്കുന്നില്ല. ഒരു ചിന്തയും കടന്നുവന്ന്‌ ബലംപ്രയോഗിച്ച്‌ നിങ്ങളെ സ്വന്തമാക്കുകയില്ല. സ്വയം നിങ്ങള്‍ കണ്ടെത്തിയാല്‍ മാത്രം, സഹജീവികളോടും പ്രകൃതിയോടുമുള്ള ഇഴുകിച്ചേരലില്‍ നിന്ന്‌ ഈശ്വരനിലെത്തുന്ന നവീന ചിന്തയുടെ ഒരു വഴി.

ഒരു വലിയ അപ്പുപ്പനെപ്പോലെ, പിതാവിനെപ്പോലെ, കൂട്ടുകാരനെപ്പോലെ ... ഏതെങ്കിലും ഒന്നിന്റേത്‌ മാത്രമല്ലാത്ത ചൈതന്യമുള്ള ഗുരുവിന്റെ ചിന്തകള്‍. അത്‌ നിര്‍വചനമില്ലാത്ത സ്നേഹമായി നമ്മളെ തഴുകുന്നു.

കുറെയേറെ സംസാരിക്കാനും ചോദിക്കാനുമുണ്ടെങ്കിലും സമയം തീരെ ഇല്ലായിരുന്നു. ജീവിതത്തിലാദ്യമായി ഒരു ക്ഷേത്രത്തിന്റെ പാവനത്വം മനസ്സില്‍ തോന്നിയത്‌ അപ്പോഴായിരുന്നു. ഗുരുവായൂരും അമ്പലപ്പുഴയും ഉള്‍പ്പെടെയുള്ള തിരക്കേറിയ ഭക്തിപ്രദര്‍ശന കേന്ദ്രങ്ങളില്‍ എനിക്ക്‌ തോന്നാതിരുന്ന ഭക്തി അപ്പോള്‍ മനസ്സില്‍ നിറഞ്ഞു. ഏതോ നന്മയുടെ പ്രതിഫലമായി തലമുറകളിലൂടെ കടന്നുവന്ന അനുഗ്രഹമായി ഞാനത്‌ മനസ്സില്‍ കുറിച്ചിട്ടു.

(അത്‌ കുറെക്കാലം മുമ്പത്തെ സംഭവമാണ്‌ അന്ന്‌ ഞാന്‍ ഒരു പ്രീ-ഡിഗ്രിക്കാരി. ഇപ്പോള്‍ ഒരു ഡിഗ്രി സ്വന്തമായുള്ളതിന്റെ പ്രശ്നങ്ങള്‍! അതൊക്കെ പിന്നാലെ പറയാം.)

ഒരു മഹാനെ ഓര്‍ത്തുകൊണ്ട്‌ തുടങ്ങാനുള്ള ശ്രമത്തിലാണ്‌ ഇത്തിരിയൊക്കെ ഞാന്‍ ഫോറസ്റ്റ്‌ കേറിയത്‌. ഇപ്പോള്‍ ഗുരുവിന്റെ, ശാസ്ത്രബോധം തികഞ്ഞ ചിന്തകള്‍ വായിക്കുംതോറും പുതുക്കപ്പെടുന്ന ഒരു ജീവിയായി ഞാന്‍ മാറുന്നു. ശ്രീനാരായണഗുരുവിന്റെ യഥാര്‍ഥ പാത പിന്തുടര്‍ന്ന ഗുരു നിത്യചൈതന്യയതിയുടെ ഓര്‍മ്മയ്ക്ക്‌ ശ്രദ്ധാഞ്ജലിയോടെ, ഭൌതികതയിലൂന്നിയ എന്റെ കാഴ്ച്ചകള്‍ ഞാന്‍ നിങ്ങളോട്‌ പറഞ്ഞു തുടങ്ങട്ടെ.


(അജ്ഞാതനായ 'അവനു'വേണ്ടി ചില വരികള്‍ കുറിക്കട്ടെ.)

"പുരാതനമായ ഈ തംബുരുവിലൂടെ
ഏതെല്ലാം നാദങ്ങളാണ്‌
നിന്നെ തേടിവന്നത്‌?
പൂവിനും നക്ഷത്രത്തിനും
അകമനസ്സിനും മാത്രമറിയുന്ന
മന്ത്രഭാഷയില്‍ മായികതയില്‍
ഇത്‌ എത്ര അപൂര്‍വതയുള്ള
രാഗങ്ങള്‍ മൊഴിഞ്ഞിരിക്കുന്നു?

കടലില്‍നിന്ന് എടുത്തുമാറ്റിയ
തിരയുടെ നോവുപോലെ
മലമുടിയില്‍ പെയ്തുപോയ
മേഘത്തിന്റെ കണ്ണീര്‍ പോലെ
എന്റെ വിഫലഗദ്ഗദങ്ങളെ
നെഞ്ചോടുചേര്‍ത്ത്‌ സ്വന്തമാക്കി
കാറ്റിന്റെ വിരലറ്റത്താല്
‍താരാട്ടു പകര്‍ന്ന ചുണ്ടുകള്‍...!

ഇത്‌ പുരാതനമായ
വെറുംഒരു മൃത തംബുരുവല്ല
അന്ധനായ ബധിരനായ സ്നേഹിതാ!
ഇത്‌... കൊതിക്കുന്ന ഹൃദയം
ചുഴറ്റുന്ന അലാതചക്രം
മിടിക്കുന്ന അലാറശ്രുതി...

ഇത്‌ ഞാനാണെന്നറിയാന്‍
നീ...ഇനിയെത്ര തപസ്സിലുരുകണം?"


(ഇടയ്ക്ക്‌ വൈദ്യുതി ഉള്ളപ്പോള്‍, പപ്പ വീട്ടില്‍ ഇല്ലാത്തപ്പോള്‍, മമ്മി നല്ല മാനസികാവസ്ഥയിലാവുമ്പോള്‍ ഞാന്‍ കഴിയും വണ്ണം നിങ്ങള്‍ക്കൊപ്പമെത്താം. എന്റെ ആമുഖ പ്രസ്താവന വായിച്ച്‌ അഭിപ്രായം പറഞ്ഞ എല്ലാ ബഹുമാനപ്പെട്ട ബന്ധുക്കള്‍ക്കും നന്ദി പറയുന്നു. വീണ്ടും കാണാം. - നിത്യ)

അതീവരഹസ്യം

ഇത്തിരി വിറയലുണ്ട്‌.
ഞാന്‍ ഒരു അതീവരഹസ്യം ചെയ്യന്‍ തുടങ്ങുകയാണല്ലോ.
വീട്ടില്‍നിന്ന്‌ കര്‍ശനമായ നിയന്ത്രണം ഉണ്ട്‌.
എന്നാലും മനസ്‌ കൈവിറ്റുപോയാല്‍? ഇല്ല.

എനിക്ക്‌ ഇപ്പൊള്‍ ആരെയും കാണാനുള്ള സൌകര്യമില്ല.
പ്രത്യെകിച്ചും ഫ്രന്റ്‌സിനെ.
അഭിപ്രായം പറയാനുള്ള സ്വാതന്ത്രവും ഇല്ല.
പപ്പ രാവിലെ പോയാല്‍ രാത്രിയിലേ വരുള്ളു.
മമ്മി വീടും പെന്നെ എന്നെയും നോക്കി ഇരിപ്പാണ്‌.
ഇപ്പോള്‍ ഈ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നത്‌ മമ്മിയുടെ ഒരു സൌജന്യം. ഇനി ഇതില്ലാതെ എനിക്ക്‌ ലൊകത്തോട്‌ ചിലത്‌ പറയാനും ഒക്കില്ല. blogging, ഈ സീക്രെറ്റ്‌ എനിക്ക്‌ ഒരു IT ഫ്രന്റാണ്‌ പറഞ്ഞുതന്നെ.
മലയാളം type ചെയ്യാന്‍ ഇത്തിരി പ്രയാസമുണ്ട്‌.

നിങ്ങളുടെ ലൊകത്തില്‍ എന്നെയും കൂട്ടുമൊ?

ചിലതൊക്കെ എനിക്കും പറയാനുണ്ട്‌.
തല്‍ക്കാലം എന്റെ പേരിന്റെ വാലും തലയും ഒഴിവാക്കുന്നു.

കുറെകാലം എനിക്കിങ്ങനെ ഒളിച്ചിരുന്നേ ഒക്കുകയുള്ളു. അത്‌കൊണ്ടാ.
ഇത്രയുമീയുള്ളു.
(ഇത്‌ തയാറാക്കാന്‍ എന്നെ ഹെല്‍പ്‌ ചെയ്ത 'V' യോടുള്ള താങ്ക്സ്‌ ഇവിടെ പറയുന്നു.)

നിത്യ
Locations of visitors to this page