Showing posts with label സദാചാര സമസ്യകള്‍ പൂരിപ്പിക്കുമ്പോള്‍. Show all posts
Showing posts with label സദാചാര സമസ്യകള്‍ പൂരിപ്പിക്കുമ്പോള്‍. Show all posts

Sunday, December 24, 2006

സദാചാര സമസ്യകള്‍ പൂരിപ്പിക്കുമ്പോള്‍






പരസ്യമായി പറയാന്‍ മടിക്കുന്നവര്‍ പോലും രഹസ്യമായി ചെയ്യാന്‍ മടിക്കാത്ത ചിലകാര്യങ്ങളിലൊന്നാണ്‌ ലൈംഗികതയും അതിന്റെ വക്രമായ വഴികളും. പ്രായവുമായി അധികം ബന്ധമില്ലാത്ത ഈ സംഗതി ലോകമറിയുമ്പോളാണല്ലോ പ്രശ്നം. അറിഞ്ഞില്ലെങ്കില്‍ അതില്‍ ഇടപെട്ടവരൊക്കെ 'മാന്യദേഹങ്ങള്‍'. അറിഞ്ഞു കഴിഞ്ഞാല്‍ അവരുടെ കക്ഷികളുടെ ഭാഷയില്‍ 'ബലിയാടായ നിരപരാധി'. അതുമല്ലെങ്കില്‍, ആരോ അവരെ കുടുക്കാനായി തയ്യാറാക്കിയ 'ഗൂഢപദ്ധതി'.നമ്മുടെ നാട്ടില്‍ കഴിഞ്ഞ അഞ്ചാറു വര്‍ഷമായി ഇത്തരം നിരവധി സംഭവങ്ങള്‍ മാധ്യമശ്രദ്ധ നേടുകയുണ്ടായി. അവയില്‍ ചിലവ അധികാര രാഷ്ട്രീയത്തിന്റെ രാസസമവാക്യങ്ങളെപ്പോലും മാറ്റിയെഴുതി. പുലികള്‍ എലികളാവുകയും, കടലുകള്‍ കടലാടികളാവുകയും, ശീതമധുരക്കുഴമ്പ്‌ നുണഞ്ഞിരുന്ന പലരും കടുകട്ടിയായ അമൃതാസവം സേവിച്ചമാതിരി മുഖം ചുളിക്കുകയും ചെയ്ത കാഴ്ച്ചകള്‍ ആരും മറന്നിട്ടില്ല.

ശരീരത്തിന്റെ (പ്രത്യേകിച്ചും പെണ്‍മാംസത്തിന്റെ)കൊതിയുമായി ഉദ്ധരിച്ചുപറക്കുന്ന കഴുകന്മാര്‍ അന്യനാടുകളില്‍ വൃദ്ധകളെയും പിഞ്ചുകുഞ്ഞുങ്ങളെയും ആക്രമിക്കുന്ന സംഭവങ്ങള്‍ വിരളമായേ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളു. അതിനു വിപരീതമായി, നമ്മുടെ മഹാരാജ്യത്തെ മുപ്പതു ശതമാനം ലൈംഗികാക്രമണങ്ങളിലും ഇരയാവുന്നത്‌ വളര്‍ച്ചയെത്താത്ത തലമുറയോ ക്ഷീണിതരായ വൃദ്ധകളോ ആണ്‌. ഇതുകൊണ്ടൊന്നും ലജ്ജിക്കാനുള്ളതല്ല കേരളീയന്റെ സദാചാരബോധമെന്നാണ്‌ ഇത്തരം കേസുകളില്‍നിന്ന്‌ തലയൂരി സുരക്ഷിതരായി വിലസുന്ന മഹാന്മാര്‍ നമ്മളോട്‌ ആവര്‍ത്തിച്ച്‌ പറയുന്നത്‌. ഉദാഹരണങ്ങളൊന്നും പറയാതെ തന്നെ പ്രിയ അനുവാചകര്‍ സമീപകാലത്തെ സംഭവങ്ങള്‍ ഓരോന്നും അനുമാനിക്കുമെന്ന്‌ കരുതുന്നു.

'ഇപ്പോള്‍ ഇങ്ങനെയൊരു ചിന്ത തോന്നാന്‍ കാരണമെന്ത്‌?' എന്ന ചോദ്യത്തിന്‌ പുതിയതും പഴയതുമായ രണ്ടു സംഭവങ്ങള്‍ പറയേണ്ടതുണ്ട്‌. (എന്റെ മുന്‍ ലേഖനത്തിന്റെ കമന്റുകളുടെകൂട്ടത്തില്‍ അല്‍പം രോഷാകുലനായി ഒരു ചേട്ടന്‍ 'ഗൗരവമുള്ള കാര്യങ്ങള്‍ ഈ ബൂലോകത്തില്‍ ചെലവാകില്ല, ഈവക കാര്യങ്ങളെഴുതി അശ്രദ്ധയുടെ പടുകുഴിയില്‍ വീണുപോകാതെ ഒരു പീഡനകഥയോ വല്ലതും എഴുതി വിവാദമാക്കാന്‍ നോക്ക്‌' എന്നൊരു ഉപദേശം തന്നിരുന്നു. അദ്ദേഹത്തിന്റെ ഉപദേശത്തിലെ 'വിപരീതാര്‍ഥം' ഞാന്‍ ഇവിടെ വിനിയോഗിക്കുകയുമല്ല. പത്തുപേരെങ്കിലും വായിച്ചാല്‍ 'അത്രമതി' എന്ന താല്‍പര്യത്താലാണ്‌ ഞാന്‍ എന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നത്‌.)

പുതിയ കഥ ഇതാണ്‌:

ബ്രിട്ട്‌നി സ്പിയേഴ്‌സ്‌ എന്ന പ്രശസ്ത പോപ്പ്‌ ഗായികയാണ്‌ ഒന്നാം കഥയിലെ നായിക. പുള്ളിക്കാരി പാട്ടില്‍മാത്രമല്ല ആട്ടത്തിലും (ഒരര്‍ഥത്തില്‍ അഴിഞ്ഞാട്ടം എന്ന്‌ നമ്മുടെ വിവക്ഷ) കേമിയാണ്‌. പണം ആല്‍ബങ്ങളിലൂടെ, സ്റ്റേജ്‌ പരിപാടികളിലൂടെ, മോഡലായുള്ള ചിത്രങ്ങളുടെ വില്‌പനയിലൂടെ, വസ്ത്രങ്ങളില്‍ പേരും ചിത്രവും പതിക്കുന്നതിനുള്ള കരാറിലൂടെ ഒക്കെയൊക്കെ ട്രില്ല്യണുകളായി പെരുകിയിട്ടും ആര്‍ത്തിയുണ്ടോ കുറയുന്നു? ആദ്യം പാതിയും പിന്നെ മുക്കാലും ഒക്കെയായി ഉടല്‍ പ്രദര്‍ശിപ്പിച്ച്‌ ലോകയുവത്വത്തിന്റെ കണ്ണിലും ഹൃദയമാകുന്ന ആതുരാലയങ്ങളിലും 'രണ്ടാം മഡോണ'യായി വിലസുന്ന അവള്‍ക്ക്‌ സ്വതന്ത്ര്യമെന്നത്‌ എന്തിനും ഏതിനുമുള്ള ലൈസന്‍സാണ്‌. അമേരിക്കക്കാരുടെ സ്വാതന്ത്ര്യസങ്കല്‍പ്പത്തില്‍ അത്‌ തെറ്റുമല്ല. എല്ലാ സംസ്കാരങ്ങള്‍ക്കും പിന്നില്‍ രൂപത്തിന്‌ നിഴലെന്നപോലെ ഒരു ഇരുണ്ട വശമുണ്ടല്ലോ? ഈയിടെ സ്‌പിയേഴ്‌സിന്റെ സ്വന്തം വെബ്‌ സൈറ്റ്‌, ഏറ്റവും ജനത്തിരക്കേറിയ ലോസ്‌ ആന്‍ജല്‍സ്‌ തെരുവീഥികള്‍ മുഴുവന്‍ ട്രാഫിക്‌ തകരാറായ പോലെ സ്തംഭിച്ചു. മൃഷ്ടാന്നം തേടി അലഞ്ഞുതിരിയുന്ന അഴുക്കുചാലുകളിലെ എലിക്കൂട്ടം അവയ്ക്ക്‌ ഏറ്റവും രുചികരമായ ഭക്ഷണം കണ്ടെത്തിയ ഒരു ഭൗമഗുഹ മാതിരി എന്നൊക്കെ ഇത്തിരി ലളിതമായി പറയാം.

വെബ്‌ സൈറ്റിലൂടെ ലക്ഷക്കണക്കിന്‌ യുവാക്കളുടെ രക്തചംക്രമണവ്യവസ്ഥയ്ക്ക്‌ അഗ്നിപര്‍വതത്തിന്റെ തീക്ഷ്ണത നല്‍കി അവള്‍ ഭര്‍ത്താവിനൊപ്പം... ചെകുത്താന്റെ സമ്മാനമായ ആപ്പിള്‍ രുചിക്കുന്നതിനു മുന്‍പ്‌ ആദവും ഹൗവയും എങ്ങനെയായിരുന്നോ അങ്ങനെ. സമ്പൂര്‍ണനഗ്നാരായി! പിന്നെ അവര്‍ ആദവും ഹൗവയും ആപ്പിള്‍ രുചിക്കുന്നതിന്റെ വിവിധസ്വഭാവത്തിലുള്ള മറയില്ലാത്ത വിശദമായ ചിത്രങ്ങള്‍. പ്രതിസ്ഥാനത്തുള്ളത്‌ കുപ്രസിദ്ധരായ 'പാപ്പരാസികള്‍' ആണെന്നറിയുമ്പോള്‍ കഥയുടെ ചൂട്‌ ഊഹിക്കാനാവുമല്ലോ! ഈ സംഭവം അതിനും കുറെനാള്‍ മുന്‍പ്‌ തുടങ്ങിയതായിരുന്നു.

അവളുടെ സ്വന്തം സൈറ്റില്‍ വരുന്നതിനു മുന്‍പ്‌ ഈ ചിത്രങ്ങളെല്ലാം പാപ്പരാസിയില്‍നിന്ന്‌ വിലയ്ക്കുവാങ്ങി മറ്റൊരു ഗ്രൂപ്പുകാര്‍ പ്രസിദ്ധീകരിച്ചിരുന്നുവത്രേ. വിമര്‍ശനങ്ങള്‍ ചിലതുണ്ടായപ്പോള്‍ 'ഏയ്‌! അത്‌ ഞാനല്ല. ആരോ മോര്‍ഫിങ്ങിലൂടെ ഉണ്ടാക്കിയെടുത്തതാണ്‌ ആ ഫോട്ടോകള്‍' എന്നൊരു ന്യായം കുറെ ദിവസം സ്‌പിയേഴ്സ്‌ പറഞ്ഞുനടന്നെങ്കിലും, ഒടുവില്‍ അല്‍പം കാശ്‌ ചെലവാക്കിത്തന്നെ അവയെല്ലാം വാങ്ങി തന്റെ ഒരു 'വിലപിടിച്ച സമ്മാന'മായി അവള്‍ ആരാധകര്‍ക്ക്‌ സമര്‍പ്പിക്കുകയായിരുന്നു.

എങ്ങനെയുണ്ട്‌ മാന്യകലാകാരിയുടെ രതിവിഷയകങ്ങളായ വികൃതികള്‍? കൊള്ളാം, അല്ലേ? സംഗീത്തത്തോടൊപ്പം ലൈംഗികതയും ആസ്വദിക്കാനുള്ള പടിഞ്ഞാറിന്റെ പ്രവണതയില്‍ ഇത്‌ അത്ര നാണക്കേടുള്ള കാര്യമൊന്നുമല്ല.അവിടെയും കഴിഞ്ഞില്ല തമാശ. ഇങ്ങനെ ചെയ്യുന്നതിന്‌ (സ്വയം തന്റെ ചിത്രങ്ങളാണെന്ന്‌ തുറന്നു സമ്മതിച്ച്‌ ആ അഴുക്കും വിഴുപ്പുമെല്ലാം മറ്റുള്ളവര്‍ക്ക്‌ സമ്മാനിക്കുമ്പോള്‍) പുള്ളിക്കാരിയുടെ ന്യായം എന്തായിരുന്നു?
'ഞാന്‍ എന്റെ ഭര്‍ത്ത)വുമായി രമിക്കുന്നതില്‍ യതൊരു തടസ്സങ്ങളെയും ഇഷ്ടപ്പെടുന്നില്ല; വകവയ്ക്കുന്നില്ല. ഇത്‌ എന്റെ സ്വാതന്ത്ര്യമാണ്‌. ഹവായ്‌ ദ്വീപിലെ ഞങ്ങളുടെ സ്വകാര്യലീലകള്‍ പാപ്പരാസികള്‍ ഷൂട്ട്‌ ചെയ്യുമെന്ന്‌ കരുതിയില്ല.'

എത്രനല്ല ജാമ്യവാക്യങ്ങള്‍! കിടപ്പറയെ ഒരു ദ്വീപിലെ തുറന്ന വേദിയിലേക്ക്‌ പരാവര്‍ത്തനം ചെയ്യുന്നതിലെ ത്രില്‍ അവളെ സംബന്ധിച്ച്‌ മറ്റൊരു ഗ്രാമ്മി അവാര്‍ഡ്‌ പോലെ ആയിരുന്നിരിക്കാം!അമേരിക്കയിലെ ഈ ചൂടു വാര്‍ത്തയ്ക്കു പിന്നിലായിരുന്നു ദിനപത്രങ്ങളും മറ്റു മാധ്യമങ്ങളും. ഇറാഖിലെയും ഗാസയിലെയും ദുരന്തങ്ങളും സെനറ്റില്‍ ബുഷിന്റെ വിയര്‍ക്കലുമെല്ലം രണ്ടാം പരിഗണനയിലായത്രേ. അതെങ്ങനെ തെറ്റാവും? ഇതിനെക്കാള്‍ വലിയ ഒരു ദുരന്തം അമേരിക്കയില്‍ വേറെയെന്ത്‌? ഒരു സാധാരണ ജോലിക്കാരിയോട്‌ കമ്പം തോന്നിയ മറ്റൊരു പ്രസിഡന്റ്‌ കുറെ ഉപ്പ്‌ വിഴുങ്ങിയതും വെള്ളം കുടിച്ചതും ആവോളം ആഘോഷിച്ചവര്‍ക്ക്‌ ഇതങ്ങനെ വിട്ടുകളയാന്‍ പറ്റുമോ?

(രണ്ടാമത്തെക്കാര്യം ഒരു പഴയ സംഭവമാണ്‌. തുറന്നു പറയുന്നതില്‍ ആര്‍ക്കും വിഷമം തോന്നരുത്‌. കൊച്ചുകുട്ടികള്‍ ആരെങ്കിലും സമീപത്തുണ്ടെങ്കില്‍ അല്‍പ്പനേരത്തേക്ക്‌ ചെവിപൊത്തിയേക്കാന്‍ അവരോട്‌ പറയുക.)

രണ്ടു വര്‍ഷം മുന്‍പ്‌ ഒരു പാര്‍ട്ട്‌-ടൈം (സേവനം) ജോലിക്ക്‌ ചേര്‍ന്ന ഞാന്‍ പരിചയപ്പെട്ട ഒരു സഹപ്രവര്‍ത്തകന്‍ പൊതുവേ എല്ലാം തുറന്നു പറയുന്ന (മാന്യന്‍ തന്നെ, സംശയിക്കണ്ട.) ആളായിരുന്നു. സെക്സ്‌ ടൂറിസത്തിന്റെ അപകടവഴികളെക്കുറിച്ചും അത്‌ കടന്നുവരുന്ന മാര്‍ഗ്ഗങ്ങളെക്കുറിച്ചും, എയിഡ്‌സ്‌ പ്രതിരോധത്തെക്കുറിച്ചുമൊക്കെ ക്ലാസുകളെടുക്കുന്ന ജോലി. സെക്സ്‌ മാഫിയകളുടെ പ്രധാന ഉപാധി മൊബൈയ്‌ല്‌ ഫോണാണെന്ന്‌ ഞങ്ങള്‍ പറയാറുണ്ടെങ്കിലും അത്തരം അനുഭവങ്ങള്‍ ചിലര്‍ പറഞ്ഞപ്പോള്‍ ഞാന്‍ ആകെ അമ്പരന്നു. ദൂരെപ്പോകുമ്പോള്‍മാത്രം കൈയില്‍ വയ്ക്കാന്‍ താല്‍ക്കാലികമായി തരപ്പെടുത്തിയ മൊബൈയില്‍ ഞാന്‍ കൂട്ടുകാരിക്ക്‌ തിരികെക്കൊടുക്കുകയും ചെയ്തു. (ഒന്നാമത്‌ എന്റെ ഇത്തരം സാമൂഹ്യസേവനമൊന്നും അച്ഛന്‌ ഇഷ്ടമല്ല. ഒരു ആങ്ങളയുള്ളത്‌ വീടുപേക്ഷിച്ച്‌ വടക്കേ ഇന്‍ഡ്യയിലെവിടെയോ ഒതുങ്ങിക്കഴിയുന്നു. അമ്മയ്ക്ക്‌ ചില 'മനോദുഃഖങ്ങളുടെ' രോഗാവസ്ഥയും. 'എന്തിനാ ഞാനുംകൂടി മറ്റൊരു തലവേദന പിടിച്ചുവെയ്ക്കുന്നത്‌' എന്നായിരുന്നു അപ്പോഴത്തെ ചിന്ത.)

'നിത്യസാറേ... ഈ പേടി മാറ്റാന്‍ ഞാന്‍ ഒരിക്കല്‍ നിങ്ങളെ ഒന്ന്‌ ഞെട്ടിച്ചാലോ എന്ന്‌ കരുതുന്നു. നിങ്ങളൊരു പെണ്‍പുലിയാന്നാ ഞാന്‍ വിചാരിച്ചെ. ഇതിപ്പോ ആകെ വെരണ്ടല്ലോ?' - സഹപ്രവര്‍ത്തകന്‍ കളിയാക്കി.

'സാറിനി എങ്ങനെ വിചാരിച്ചാലും ഞാന്‍ ഞെട്ടാനൊന്നും പോകുന്നില്ല..' ഞാന്‍ പഴയ എസ്‌. എഫ്‌. ഐ.ക്കാരിയായി പറഞ്ഞു.

അയാള്‍ അടുത്ത ദിവസത്തെ പരിപാടി, ലൊക്കേഷന്‍, വാഹനത്തിന്റെ സൗകര്യം എന്നിങ്ങനെ പല വിഷയങ്ങളിലും ചിലപ്പോള്‍ രാത്രിയില്‍ എനിക്ക്‌ ഫോണ്‍ ചെയ്യുമായിരുന്നു. ഒരു ദിവസം രാത്രി ഒന്‍പതു മണിയോടെ കക്ഷി എന്നെ വിളിച്ചു.

'നമ്മുടെ കൗണ്‍സലിങ്‌ ആവശ്യമുള്ള ഒരു കുട്ടി വിളിക്കും. അവള്‍ക്ക്‌ ചില പ്രത്യേക കാരണങ്ങളാല്‍ അല്‍പ്പം മനസികപ്രശ്നമുണ്ട്‌. ചിലപ്പോല്‍ പരസ്പര ബന്ധമില്ലാതെ ചിലതൊക്കെ പറയും. '

'സാറെ.. ഫോണ്‍വഴി കൗണ്‍സലിംഗ്‌ നടത്താന്‍ ബുദ്ധിമുട്ടാവില്ലേ? അവര്‍ നാളെ നേരില്‍ക്കാണാന്‍ പറഞ്ഞാല്‍പ്പോരേ?' എന്ന എന്റെ ചൊദ്യത്തിന്‌ 'ഇന്നു രാത്രി അവള്‍ ആത്മഹത്യ ചെയ്താല്‍ അതൊരു കഷ്ടമല്ലേ..?' എന്ന മറുചോദ്യമായിരുന്നു അയാളുടേത്‌.

'നിത്യസാര്‍ ഒരു കാര്യം ചെയ്യ്‌. അവള്‍ പറയുന്നതൊക്കെ വെറുതെ പല്ലും കടിച്ചുപിടിച്ച്‌ അങ്ങു കേള്‍ക്കണം. അവള്‍ ചോദിക്കുന്നതിനൊന്നും മറുപടി ആദ്യമൊന്നും പറയണ്ടാ. അവള്‍ എല്ലാം പറഞ്ഞു കഴിഞ്ഞ്‌ ഒന്ന്‌ ഉപദേശിച്ചാല്‍ മതി. നിങ്ങള്‍ പെണ്ണുങ്ങളാവുമ്പോ അതൊക്കെ ശരിയാവുമെന്നേ..!' കക്ഷി ഫോണ്‍ വച്ചു.

കൃത്യം പത്തു മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ ഫോണ്‍ മുഴങ്ങി. അങ്ങേവശത്ത്‌ ഒരു (കിളിമൊഴി) പെണ്‍ശബ്ദം.

'ഹല്ലോ. ഞാനാ.. പ്രിയ. ഇപ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ടവള്‍. എന്തൊക്കെയുണ്ട്‌ വിശേഷങ്ങള്‍? സുഖമാണോ?' - സ്‌പേസ്‌. 'ഞാന്‍ അങ്ങോട്ട്‌ വരട്ടേ?' - സ്‌പേസ്‌.
(ഈ സ്പേസൊക്കെ എന്റെ മറുപടിക്കായുള്ള ഗ്യാപാണ്‌)

'അവിടെ വന്നാല്‍ എന്നെ കെട്ടിപ്പിടിച്ച്‌ സ്വീകരിക്കുമോ?' - സ്‌പേസ്‌.

'മടിയിലിരുത്തി ഉമ്മവെയ്ക്കുമോ?' സ്‌പേസ്‌.

ഞാന്‍ ഒരു നിമിഷം അമ്പരന്നു.നാവിന്തുമ്പില്‍ ചില വാക്കുകള്‍.. അവളെ വഴക്കു പറയാനുള്ള കോപം.. പക്ഷേ, അയാള്‍ പറഞ്ഞത്‌... അവള്‍ ഒരു മാനസികരോഗിയാണെന്ന്! ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന ഒരു പെണ്ണിനോട്‌ ഞാന്‍ മുഖം തിരിക്കുന്നത്‌ ശരിയാവുമോ?

'എടാ കുട്ടാ! നീ ആ തുണിയൊന്ന്‌ ... ഞാന്‍ നിന്റെ കാമദേവനേ.. ഇങ്ങനെ... '
(വാക്കുകളുടെ ഒരു വാല്‍സ്യായനം അവള്‍ തുടരുകയാണ്‌. ആരോ പറഞ്ഞുകേട്ട അറിവില്‍ അസഭ്യമെന്ന്‌ തോന്നാവുന്ന പദപ്രയോഗങ്ങളും, മുക്കലും മൂളലും, ഒരു സ്ത്രീ സ്വയം സന്നദ്ധയായി പുരുഷനെ രസിപ്പിക്കുന്നതിന്റെ ആവേഗങ്ങളും ഇടകലര്‍ന്ന ദീര്‍ഘനിശ്വാസങ്ങളും .. എല്ല്ലാമെല്ലം...)

എന്റെ സര്‍വ ഞരമ്പുകളും ഇടിവെട്ടെറ്റ്‌ തളര്‍ന്നു.
'എന്താടാ ഒന്നും മിണ്ടാത്തെ? നിനക്ക്‌ രസിച്ചോടാ..?' എന്ന മാതൃകയില്‍ മുന്നേറുന്ന ആ ഫോണ്‍ സംഭാഷണം ഞാന്‍ 'ടാപ്‌' എന്ന്‌ മുറിച്ചു.

ആ രാത്രി തീരെ ഉറങ്ങാനായില്ല. ഉച്ചയ്ക്കുമുന്‍പ്‌ എന്റെ മുന്നില്‍ വിശ്വസ്തവിധേയനായി സഹപ്രവര്‍ത്തകന്‍ വന്നു. അല്‍പമൊരു ച്മ്മലോടെ ഞങ്ങള്‍ രണ്ടാളും ചിരിച്ചുപോയി.

'നിത്യസാറേ.. ഞാന്‍ വാക്കുപാലിച്ചു. ശരിക്കും ഞെട്ടിക്കാണുമല്ലോ? അരമണിക്കൂര്‍ കഴിഞ്ഞ്‌ ഞാന്‍ വിളിച്ചപ്പോള്‍ ഫോണ്‍ ദിസ്‌കണക്റ്റായിരുന്നു. ഇപ്പോള്‍ സാറിന്‌ മനസ്സിലായോ, ഇതാണ്‌ സെക്സ്‌ ടൂറിസത്തിന്‌ മലയാള ഭാഷയും കേരളീയതയും നല്‍കുന്ന അനുഭവപാഠം. ഇപ്പോള്‍ ഒരു ഫോണിലൂടെയും എയിഡ്‌സ്‌ പകരുമോ എന്നാ എന്റെ സംശയം!'

യൂറോപ്യന്‍ രാജ്യങ്ങളുടെ 'കാള്‍ഗേള്‍' മാതൃകകളുടെ ചുവടുപിടിച്ച്‌ കേരളത്തില്‍ ഈ ബിസിനസ്സ്‌ നന്നായി പ്രചാരത്തിലെത്തിയിട്ടുണ്ടെന്ന്‌ എന്റെ സുഹൃത്തായ ഒരു പ്രശസ്ത പത്രപ്രവര്‍ത്തകന്‍ അടിവരയിടുന്നു. നല്ല ജീവിതസൗകര്യവും ചുറ്റുപാടുകളുമുള്ള വീടുകളിലെ പെണ്‍കുട്ടികളുടെ ശബ്ദവും ചിത്രങ്ങളും ഇക്കാര്യത്തില്‍ വിനിയോഗിക്കപ്പെടുന്നുണ്ട്‌. കേരളത്തില്‍ എളുപ്പം ചെലവാകുന്ന രണ്ടുകാര്യങ്ങള്‍; ഒന്ന്‌- മദ്യം, രണ്ട്‌- സ്ത്രീശരീരം!

ബ്രിട്ട്‌നി സ്പ്‌ീയേഴ്‌സിന്റെ കഥയും ഈ കേരളീയ സംഭവവും ചേര്‍ത്തുവായിച്ചാല്‍ ചില താദാത്മ്യങ്ങള്‍ കാണാം. സ്ത്രീശരീരം. ശബ്ദം, ചലനങ്ങള്‍ എന്നിവയൊക്കെ സ്വരൂപിക്കുന്ന ചില ആകര്‍ഷണമേഖലകളുണ്ട്‌. അമേരിക്കന്‍ പാട്ടു/ആട്ടക്കാരിയും കേരളീയ ഫോണ്‍-ലൈംഗികഭാഷണക്കാരിയും പടിഞ്ഞാറിന്റെയും കിഴക്കിന്റെയും സുഖമാപിനികളിലെ 'രസബിന്ദു'ക്കളാണ്‌. അമേരിക്കയില്‍ അത്‌ പണത്തിന്റെയും പ്രശസ്തിക്കുമേല്‍ കുപ്രസിദ്ധിയുടെയും പ്രതീകങ്ങളാണെങ്കില്‍ കേരളത്തില്‍ (ഇന്‍ഡ്യയില്‍)ചിലപ്പോള്‍ വയറ്റിപ്പാടിന്റെ കാമസൂത്രമായി വ്യാഖ്യാനിക്കാന്‍ കഴിഞ്ഞേക്കും എന്നുമാത്രം.

പ്രധാനമായ കാര്യം അതല്ല, എല്ലാ വാതിലുകളും തുറന്നിട്ട്‌ 'ശുദ്ധവായു കടന്നുവരട്ടെ' എന്ന്‌ നമ്മള്‍ ആഗ്രഹിക്കുമ്പോള്‍, ഒപ്പം കടന്നുകയറി ആധിപത്യം സ്ഥാപിക്കുന്നത്‌ ഇത്തരം വികലവും വൃത്തികെട്ടതുമായ അതിഭൗതികതയുടെ ആറ്റംബോംബുകളാണെന്ന്‌ നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്‌. അതിനെതിരായ ഗൗരവബുദ്ധി ഉണര്‍ത്തുകയും ധീരമായി നേരിടുകയും ചെയ്യാനുള്ള ആര്‍ജജവം അധികാരികളുടെയും ജനസേവകരുടെയും ഭാഗത്തുനിന്ന്‌ ഉണ്ടാകേണ്ടതാണ്‌. സന്നദ്ധസംഘടനകള്‍ക്കും യുവജനങ്ങള്‍ക്കും പ്രാദേശിക കലാസംഘടനകള്‍ക്കും പോലും ഇക്കാര്യത്തില്‍ ചിലതൊക്കെ ചെയ്യാന്‍ കഴിയുമെന്ന്‌ എന്റെ കുറഞ്ഞ അനുഭവത്തില്‍നിന്ന്‌ പറയാന്‍ കഴിയും.

മിന്നുന്നതെല്ലം പൊന്നല്ലെന്ന്‌ വീണ്ടും പറയാം.

*****
Locations of visitors to this page