എന്നെക്കുറിച്ച് പറയുംമുമ്പ് ഏതെങ്കിലും ഒരു മഹത്‌വ്യക്തിയെ ഓര്‍മ്മിച്ചിട്ടാവം എന്ന് കരുതി. ഏത് മഹാന്‍ എന്നോര്‍ത്തപ്പോള്‍ ആകെ കുഴഞ്ഞു. ആയിരക്കണക്കിന് പതിനായിരക്കനക്കിന് മഹാന്മാര്‍! അത്രയേറെ മഹാന്മാരുടെ ഒരു പുണ്യഭുമി ആയിട്ടും നമ്മള്‍ പാവം ദൈവത്തിന്റെ പേരിലാണല്ലോ ഈ നാടിനെ ജാമ്യത്തിലെടുത്തിരിക്കുന്നത്!.
ദൈവം അങ്ങനെ ഒരു നാടിന്റെ, ഒരു ചെറിയ സംസ്ഥാനത്തിന്റെ മാത്രം സ്വന്തമാകുമെന്ന നമ്മുടെ (ഭരണ) കര്‍ത്താക്കളുടെ വിവരം അപാരം തന്നെ. പക്ഷെ, ഞാന്‍ നോക്കിയിട്ട് പുറത്തും ഉള്ളിലും ഇത്രയേറെ ചെകുത്താന്മാരെ കാണാവുന്ന വേറെ ഒരു പ്രദേശവും ഈ ഭൂമിയില്‍ കാണില്ല എന്ന് തോന്നുന്നു. ഇവരുടെ കൈപിടിയില്‍നിന്ന് രക്ഷപെടാന്‍ ദൈവംപോലും ഇത്തിരി കഷ്ടപ്പെടും.അതവിടെ നില്‍ക്കട്ടെ.
ദൈവമാണെന്നോ, അവതാരമാണെന്നൊ വീമ്പിളക്കാത്ത ഒരു മഹര്‍ഷിയെ, ശാസ്ത്രകാരനെ, മനുഷ്യനെ... ഉത്തമനായ ഒരു ഗുരുവിനെ ഒരിക്കല്‍ സന്ദര്‍ശിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. സ്റ്റഡി ടൂറിന്റെ തിരക്കിനിടറ്റില്‍ ഞങ്ങളുടെ സന്മനസ്സുള്ള ചില സാറമ്മാരാണ് അതിനുള്ള അവസരം ഉണ്ടാക്കിയത്.
'കാണരുത്, കേള്‍ക്കരുത്, മിണ്ടരുത്' എന്ന സ്‌ലോഗന്‍ പോലെ ഞങ്ങളുടെ പുരുഷപ്രജകളോക്ക് അടങ്ങിയൊതുങ്ങി ഒപ്പം നില്‍ക്കാമെന്ന് സമ്മതിച്ചു. ഒരു പ്രോമിസ് മാത്രമേ അവര്‍ക്ക് വേണ്ടിയിരുന്നുള്ളു. 'എത്രയുംവേഗം തിരിച്ചൂ പോകണം; നല്ല ശാപ്പാടും ഊറക്കവും തരമാക്കണം.' ശരി, സമ്മതിച്ചു.
ബസ് നീലഗിരിയുടെ ചരിവുകളിലൂടെ ആ വൈകുന്നേരത്ത് ഫേണ്‍ഹില്ലിലുള്ള ആശ്രമത്തിലെത്തി. ചുറ്റിലും ശരിക്കും നീലയായ ഗിരി തന്നെ. അതുവരെ ബഹളവും പാട്ടും, പരസ്പരം കളിയാക്കലുമായി 'അടിപൊളി' പരുവത്തിലിരുന്ന എല്ലാ കിണ്ണന്മാരും അതോടെ സ്വിച്ച് തിരിച്ചപോലെ 'മിഴുങ്ങസ്യാ' എന്നായി. (അണ്ണന്മാര്‍) കിണ്ണന്മാര്‍ക്ക് ആ ശാന്തത അത്ര ഇഷ്ടമായില്ലെങ്കിലും ഞങ്ങളുടെ സാറന്മാര്‍ പറഞ്ഞത് അവരും അനുസരിച്ചു എന്നേയുള്ളു.
ആര്‍ഭാടമൊന്നും ഇല്ലാത്ത എന്തൊക്കെയോ പ്രത്യേകതകള്‍ നമ്മില്‍ നിറയ്ക്കുന്ന ഗുരുവിന്റെ വാസസ്ഥലം. ചില പത്രമാസികകളിലൂടെ വായിച്ചു മാത്രം അറിയുന്ന നിത്യ ചൈതന്യയതിയുടെ ആശ്രമം. ഗുരുവും ചില ശിഷ്യന്മാരും ചേര്‍ന്ന് ഞങ്ങളെ സ്വീകരിച്ചു. ആള്‍ക്കൂട്ടവും മന്ത്രങ്ങളും ഉപവാസവും മൌനവ്രതവും പിന്നെ കുറെയേറെ കമാന്റോകളുടെ ചാരക്കണ്ണുകളും ഒക്കെയുള്ള പല ആശ്രമങ്ങളെപ്പറ്റിയും പറഞ്ഞുകേട്ടിട്ടുണ്ട്. അവിടെയൊക്കെ പോയിവന്നിട്ടുള്ള ചിലര്‍ 'വീഗാ ലാന്റില്‍' പോയി കളിച്ച് രസിച്ചു വന്നതിന്റെ ലഹരിയോടെ പലതും വിശദീകരിക്കാറുണ്ട്. സ്വാമിജി അല്ലെങ്കില്‍ മാതാജി അനുഗ്രഹിച്ച വിധം, സദ്യയുടെ ചിട്ടവട്ടങ്ങള്‍, നാമജപത്തിന്റെ സ്റ്റീരിയൊ-ഡോള്‍ബി എഫക്ട്, തുടങ്ങി പലവക. അര്‍ഥമില്ലാത്ത വെറും പൊങ്ങച്ച വ്യായാമങ്ങള്‍ മാത്രം. എന്നാല്‍, ഇതാ വ്യത്യസ്തമായ ഒരു ലോകം. ആര്‍ക്കും ശുദ്ധമായ മനസ്സോടെ കടന്നുവരാവുന്ന സ്വതന്ത്രമായ ഒരു ചിന്താലോകം. അരൂപിയായ ഈശ്വരനെ, പ്രകൃതിയെ, ഇന്ദ്രിയാതീതമായ അനുഭൂതികളെ പരിചയിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്, അറിവിന്റെ അതിരില്ലാത്ത കൊടുമുടികളെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇതൊരു ഈശ്വരസന്നിധി.
ഒരു മതവും നിങ്ങളെ ചങ്ങലയ്ക്കിടുന്നില്ല. ഒരു ജാതിയും നിങ്ങളെ അസ്പൃശ്യനാക്കുന്നില്ല. ഒരു ചിന്തയും കടന്നുവന്ന് ബലംപ്രയോഗിച്ച് നിങ്ങളെ സ്വന്തമാക്കുകയില്ല. സ്വയം നിങ്ങള്‍ കണ്ടെത്തിയാല്‍ മാത്രം, സഹജീവികളോടും പ്രകൃതിയോടുമുള്ള ഇഴുകിച്ചേരലില്‍ നിന്ന് ഈശ്വരനിലെത്തുന്ന നവീന ചിന്തയുടെ ഒരു വഴി.
ഒരു വലിയ അപ്പുപ്പനെപ്പോലെ, പിതാവിനെപ്പോലെ, കൂട്ടുകാരനെപ്പോലെ ... ഏതെങ്കിലും ഒന്നിന്റേത് മാത്രമല്ലാത്ത ചൈതന്യമുള്ള ഗുരുവിന്റെ ചിന്തകള്‍. അത് നിര്‍വചനമില്ലാത്ത സ്നേഹമായി നമ്മളെ തഴുകുന്നു.
കുറെയേറെ സംസാരിക്കാനും ചോദിക്കാനുമുണ്ടെങ്കിലും സമയം തീരെ ഇല്ലായിരുന്നു. ജീവിതത്തിലാദ്യമായി ഒരു ക്ഷേത്രത്തിന്റെ പാവനത്വം മനസ്സില്‍ തോന്നിയത് അപ്പോഴായിരുന്നു. ഗുരുവായൂരും അമ്പലപ്പുഴയും ഉള്‍പ്പെടെയുള്ള തിരക്കേറിയ ഭക്തിപ്രദര്‍ശന കേന്ദ്രങ്ങളില്‍ എനിക്ക് തോന്നാതിരുന്ന ഭക്തി അപ്പോള്‍ മനസ്സില്‍ നിറഞ്ഞു. ഏതോ നന്മയുടെ പ്രതിഫലമായി തലമുറകളിലൂടെ കടന്നുവന്ന അനുഗ്രഹമായി ഞാനത് മനസ്സില്‍ കുറിച്ചിട്ടു.
(അത് കുറെക്കാലം മുമ്പത്തെ സംഭവമാണ് അന്ന് ഞാന്‍ ഒരു പ്രീ-ഡിഗ്രിക്കാരി. ഇപ്പോള്‍ ഒരു ഡിഗ്രി സ്വന്തമായുള്ളതിന്റെ പ്രശ്നങ്ങള്‍! അതൊക്കെ പിന്നാലെ പറയാം.)
ഒരു മഹാനെ ഓര്‍ത്തുകൊണ്ട് തുടങ്ങാനുള്ള ശ്രമത്തിലാണ് ഇത്തിരിയൊക്കെ ഞാന്‍ ഫോറസ്റ്റ് കേറിയത്. ഇപ്പോള്‍ ഗുരുവിന്റെ, ശാസ്ത്രബോധം തികഞ്ഞ ചിന്തകള്‍ വായിക്കുംതോറും പുതുക്കപ്പെടുന്ന ഒരു ജീവിയായി ഞാന്‍ മാറുന്നു. ശ്രീനാരായണഗുരുവിന്റെ യഥാര്‍ഥ പാത പിന്തുടര്‍ന്ന ഗുരു നിത്യചൈതന്യയതിയുടെ ഓര്‍മ്മയ്ക്ക് ശ്രദ്ധാഞ്ജലിയോടെ, ഭൌതികതയിലൂന്നിയ എന്റെ കാഴ്ച്ചകള്‍ ഞാന്‍ നിങ്ങളോട് പറഞ്ഞു തുടങ്ങട്ടെ.
(അജ്ഞാതനായ 'അവനു'വേണ്ടി ചില വരികള്‍ കുറിക്കട്ടെ.)
"പുരാതനമായ ഈ തംബുരുവിലൂടെ
ഏതെല്ലാം നാദങ്ങളാണ്
നിന്നെ തേടിവന്നത്?
പൂവിനും നക്ഷത്രത്തിനും
അകമനസ്സിനും മാത്രമറിയുന്ന
മന്ത്രഭാഷയില്‍ മായികതയില്‍
ഇത് എത്ര അപൂര്‍വതയുള്ള
രാഗങ്ങള്‍ മൊഴിഞ്ഞിരിക്കുന്നു?
കടലില്‍നിന്ന് എടുത്തുമാറ്റിയ
തിരയുടെ നോവുപോലെ
മലമുടിയില്‍ പെയ്തുപോയ
മേഘത്തിന്റെ കണ്ണീര്‍ പോലെ
എന്റെ വിഫലഗദ്ഗദങ്ങളെ
നെഞ്ചോടുചേര്‍ത്ത് സ്വന്തമാക്കി
കാറ്റിന്റെ വിരലറ്റത്താല്
താരാട്ടു പകര്‍ന്ന ചുണ്ടുകള്‍...!
ഇത് പുരാതനമായ
വെറുംഒരു മൃത തംബുരുവല്ല
അന്ധനായ ബധിരനായ സ്നേഹിതാ!
ഇത്... കൊതിക്കുന്ന ഹൃദയം
ചുഴറ്റുന്ന അലാതചക്രം
മിടിക്കുന്ന അലാറശ്രുതി...
ഇത് ഞാനാണെന്നറിയാന്‍
നീ...ഇനിയെത്ര തപസ്സിലുരുകണം?"
(ഇടയ്ക്ക് വൈദ്യുതി ഉള്ളപ്പോള്‍, പപ്പ വീട്ടില്‍ ഇല്ലാത്തപ്പോള്‍, മമ്മി നല്ല മാനസികാവസ്ഥയിലാവുമ്പോള്‍ ഞാന്‍ കഴിയും വണ്ണം നിങ്ങള്‍ക്കൊപ്പമെത്താം. എന്റെ ആമുഖ പ്രസ്താവന വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാ ബഹുമാനപ്പെട്ട ബന്ധുക്കള്‍ക്കും നന്ദി പറയുന്നു. വീണ്ടും കാണാം. - നിത്യ)
Showing posts with label ഓര്‍മ്മക്കുറിപ്പ്. Show all posts
Showing posts with label ഓര്‍മ്മക്കുറിപ്പ്. Show all posts
Sunday, December 10, 2006
Subscribe to:
Posts (Atom)
