Sunday, December 10, 2006

ഓര്‍മ്മക്കുറിപ്പ്‌

എന്നെക്കുറിച്ച്‌ പറയുംമുമ്പ്‌ ഏതെങ്കിലും ഒരു മഹത്‌വ്യക്തിയെ ഓര്‍മ്മിച്ചിട്ടാവം എന്ന്‌ കരുതി. ഏത്‌ മഹാന്‍ എന്നോര്‍ത്തപ്പോള്‍ ആകെ കുഴഞ്ഞു. ആയിരക്കണക്കിന്‌ പതിനായിരക്കനക്കിന്‌ മഹാന്മാര്‍! അത്രയേറെ മഹാന്മാരുടെ ഒരു പുണ്യഭുമി ആയിട്ടും നമ്മള്‍ പാവം ദൈവത്തിന്റെ പേരിലാണല്ലോ ഈ നാടിനെ ജാമ്യത്തിലെടുത്തിരിക്കുന്നത്‌!.

ദൈവം അങ്ങനെ ഒരു നാടിന്റെ, ഒരു ചെറിയ സംസ്ഥാനത്തിന്റെ മാത്രം സ്വന്തമാകുമെന്ന നമ്മുടെ (ഭരണ) കര്‍ത്താക്കളുടെ വിവരം അപാരം തന്നെ. പക്ഷെ, ഞാന്‍ നോക്കിയിട്ട്‌ പുറത്തും ഉള്ളിലും ഇത്രയേറെ ചെകുത്താന്മാരെ കാണാവുന്ന വേറെ ഒരു പ്രദേശവും ഈ ഭൂമിയില്‍ കാണില്ല എന്ന്‌ തോന്നുന്നു. ഇവരുടെ കൈപിടിയില്‍നിന്ന്‌ രക്ഷപെടാന്‍ ദൈവംപോലും ഇത്തിരി കഷ്ടപ്പെടും.അതവിടെ നില്‍ക്കട്ടെ.

ദൈവമാണെന്നോ, അവതാരമാണെന്നൊ വീമ്പിളക്കാത്ത ഒരു മഹര്‍ഷിയെ, ശാസ്ത്രകാരനെ, മനുഷ്യനെ... ഉത്തമനായ ഒരു ഗുരുവിനെ ഒരിക്കല്‍ സന്ദര്‍ശിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. സ്റ്റഡി ടൂറിന്റെ തിരക്കിനിടറ്റില്‍ ഞങ്ങളുടെ സന്മനസ്സുള്ള ചില സാറമ്മാരാണ്‌ അതിനുള്ള അവസരം ഉണ്ടാക്കിയത്‌.

'കാണരുത്‌, കേള്‍ക്കരുത്‌, മിണ്ടരുത്‌' എന്ന സ്‌ലോഗന്‍ പോലെ ഞങ്ങളുടെ പുരുഷപ്രജകളോക്ക്‌ അടങ്ങിയൊതുങ്ങി ഒപ്പം നില്‍ക്കാമെന്ന്‌ സമ്മതിച്ചു. ഒരു പ്രോമിസ്‌ മാത്രമേ അവര്‍ക്ക്‌ വേണ്ടിയിരുന്നുള്ളു. 'എത്രയുംവേഗം തിരിച്ചൂ പോകണം; നല്ല ശാപ്പാടും ഊറക്കവും തരമാക്കണം.' ശരി, സമ്മതിച്ചു.

ബസ്‌ നീലഗിരിയുടെ ചരിവുകളിലൂടെ ആ വൈകുന്നേരത്ത്‌ ഫേണ്‍ഹില്ലിലുള്ള ആശ്രമത്തിലെത്തി. ചുറ്റിലും ശരിക്കും നീലയായ ഗിരി തന്നെ. അതുവരെ ബഹളവും പാട്ടും, പരസ്പരം കളിയാക്കലുമായി 'അടിപൊളി' പരുവത്തിലിരുന്ന എല്ലാ കിണ്ണന്മാരും അതോടെ സ്വിച്ച്‌ തിരിച്ചപോലെ 'മിഴുങ്ങസ്യാ' എന്നായി. (അണ്ണന്മാര്‍) കിണ്ണന്മാര്‍ക്ക്‌ ആ ശാന്തത അത്ര ഇഷ്ടമായില്ലെങ്കിലും ഞങ്ങളുടെ സാറന്മാര്‍ പറഞ്ഞത്‌ അവരും അനുസരിച്ചു എന്നേയുള്ളു.

ആര്‍ഭാടമൊന്നും ഇല്ലാത്ത എന്തൊക്കെയോ പ്രത്യേകതകള്‍ നമ്മില്‍ നിറയ്ക്കുന്ന ഗുരുവിന്റെ വാസസ്ഥലം. ചില പത്രമാസികകളിലൂടെ വായിച്ചു മാത്രം അറിയുന്ന നിത്യ ചൈതന്യയതിയുടെ ആശ്രമം. ഗുരുവും ചില ശിഷ്യന്മാരും ചേര്‍ന്ന്‌ ഞങ്ങളെ സ്വീകരിച്ചു. ആള്‍ക്കൂട്ടവും മന്ത്രങ്ങളും ഉപവാസവും മൌനവ്രതവും പിന്നെ കുറെയേറെ കമാന്റോകളുടെ ചാരക്കണ്ണുകളും ഒക്കെയുള്ള പല ആശ്രമങ്ങളെപ്പറ്റിയും പറഞ്ഞുകേട്ടിട്ടുണ്ട്‌. അവിടെയൊക്കെ പോയിവന്നിട്ടുള്ള ചിലര്‍ 'വീഗാ ലാന്റില്‍' പോയി കളിച്ച്‌ രസിച്ചു വന്നതിന്റെ ലഹരിയോടെ പലതും വിശദീകരിക്കാറുണ്ട്‌. സ്വാമിജി അല്ലെങ്കില്‍ മാതാജി അനുഗ്രഹിച്ച വിധം, സദ്യയുടെ ചിട്ടവട്ടങ്ങള്‍, നാമജപത്തിന്റെ സ്റ്റീരിയൊ-ഡോള്‍ബി എഫക്ട്‌, തുടങ്ങി പലവക. അര്‍ഥമില്ലാത്ത വെറും പൊങ്ങച്ച വ്യായാമങ്ങള്‍ മാത്രം. എന്നാല്‍, ഇതാ വ്യത്യസ്തമായ ഒരു ലോകം. ആര്‍ക്കും ശുദ്ധമായ മനസ്സോടെ കടന്നുവരാവുന്ന സ്വതന്ത്രമായ ഒരു ചിന്താലോകം. അരൂപിയായ ഈശ്വരനെ, പ്രകൃതിയെ, ഇന്ദ്രിയാതീതമായ അനുഭൂതികളെ പരിചയിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്‌, അറിവിന്റെ അതിരില്ലാത്ത കൊടുമുടികളെ ഇഷ്ടപ്പെടുന്നവര്‍ക്ക്‌ ഇതൊരു ഈശ്വരസന്നിധി.

ഒരു മതവും നിങ്ങളെ ചങ്ങലയ്ക്കിടുന്നില്ല. ഒരു ജാതിയും നിങ്ങളെ അസ്പൃശ്യനാക്കുന്നില്ല. ഒരു ചിന്തയും കടന്നുവന്ന്‌ ബലംപ്രയോഗിച്ച്‌ നിങ്ങളെ സ്വന്തമാക്കുകയില്ല. സ്വയം നിങ്ങള്‍ കണ്ടെത്തിയാല്‍ മാത്രം, സഹജീവികളോടും പ്രകൃതിയോടുമുള്ള ഇഴുകിച്ചേരലില്‍ നിന്ന്‌ ഈശ്വരനിലെത്തുന്ന നവീന ചിന്തയുടെ ഒരു വഴി.

ഒരു വലിയ അപ്പുപ്പനെപ്പോലെ, പിതാവിനെപ്പോലെ, കൂട്ടുകാരനെപ്പോലെ ... ഏതെങ്കിലും ഒന്നിന്റേത്‌ മാത്രമല്ലാത്ത ചൈതന്യമുള്ള ഗുരുവിന്റെ ചിന്തകള്‍. അത്‌ നിര്‍വചനമില്ലാത്ത സ്നേഹമായി നമ്മളെ തഴുകുന്നു.

കുറെയേറെ സംസാരിക്കാനും ചോദിക്കാനുമുണ്ടെങ്കിലും സമയം തീരെ ഇല്ലായിരുന്നു. ജീവിതത്തിലാദ്യമായി ഒരു ക്ഷേത്രത്തിന്റെ പാവനത്വം മനസ്സില്‍ തോന്നിയത്‌ അപ്പോഴായിരുന്നു. ഗുരുവായൂരും അമ്പലപ്പുഴയും ഉള്‍പ്പെടെയുള്ള തിരക്കേറിയ ഭക്തിപ്രദര്‍ശന കേന്ദ്രങ്ങളില്‍ എനിക്ക്‌ തോന്നാതിരുന്ന ഭക്തി അപ്പോള്‍ മനസ്സില്‍ നിറഞ്ഞു. ഏതോ നന്മയുടെ പ്രതിഫലമായി തലമുറകളിലൂടെ കടന്നുവന്ന അനുഗ്രഹമായി ഞാനത്‌ മനസ്സില്‍ കുറിച്ചിട്ടു.

(അത്‌ കുറെക്കാലം മുമ്പത്തെ സംഭവമാണ്‌ അന്ന്‌ ഞാന്‍ ഒരു പ്രീ-ഡിഗ്രിക്കാരി. ഇപ്പോള്‍ ഒരു ഡിഗ്രി സ്വന്തമായുള്ളതിന്റെ പ്രശ്നങ്ങള്‍! അതൊക്കെ പിന്നാലെ പറയാം.)

ഒരു മഹാനെ ഓര്‍ത്തുകൊണ്ട്‌ തുടങ്ങാനുള്ള ശ്രമത്തിലാണ്‌ ഇത്തിരിയൊക്കെ ഞാന്‍ ഫോറസ്റ്റ്‌ കേറിയത്‌. ഇപ്പോള്‍ ഗുരുവിന്റെ, ശാസ്ത്രബോധം തികഞ്ഞ ചിന്തകള്‍ വായിക്കുംതോറും പുതുക്കപ്പെടുന്ന ഒരു ജീവിയായി ഞാന്‍ മാറുന്നു. ശ്രീനാരായണഗുരുവിന്റെ യഥാര്‍ഥ പാത പിന്തുടര്‍ന്ന ഗുരു നിത്യചൈതന്യയതിയുടെ ഓര്‍മ്മയ്ക്ക്‌ ശ്രദ്ധാഞ്ജലിയോടെ, ഭൌതികതയിലൂന്നിയ എന്റെ കാഴ്ച്ചകള്‍ ഞാന്‍ നിങ്ങളോട്‌ പറഞ്ഞു തുടങ്ങട്ടെ.


(അജ്ഞാതനായ 'അവനു'വേണ്ടി ചില വരികള്‍ കുറിക്കട്ടെ.)

"പുരാതനമായ ഈ തംബുരുവിലൂടെ
ഏതെല്ലാം നാദങ്ങളാണ്‌
നിന്നെ തേടിവന്നത്‌?
പൂവിനും നക്ഷത്രത്തിനും
അകമനസ്സിനും മാത്രമറിയുന്ന
മന്ത്രഭാഷയില്‍ മായികതയില്‍
ഇത്‌ എത്ര അപൂര്‍വതയുള്ള
രാഗങ്ങള്‍ മൊഴിഞ്ഞിരിക്കുന്നു?

കടലില്‍നിന്ന് എടുത്തുമാറ്റിയ
തിരയുടെ നോവുപോലെ
മലമുടിയില്‍ പെയ്തുപോയ
മേഘത്തിന്റെ കണ്ണീര്‍ പോലെ
എന്റെ വിഫലഗദ്ഗദങ്ങളെ
നെഞ്ചോടുചേര്‍ത്ത്‌ സ്വന്തമാക്കി
കാറ്റിന്റെ വിരലറ്റത്താല്
‍താരാട്ടു പകര്‍ന്ന ചുണ്ടുകള്‍...!

ഇത്‌ പുരാതനമായ
വെറുംഒരു മൃത തംബുരുവല്ല
അന്ധനായ ബധിരനായ സ്നേഹിതാ!
ഇത്‌... കൊതിക്കുന്ന ഹൃദയം
ചുഴറ്റുന്ന അലാതചക്രം
മിടിക്കുന്ന അലാറശ്രുതി...

ഇത്‌ ഞാനാണെന്നറിയാന്‍
നീ...ഇനിയെത്ര തപസ്സിലുരുകണം?"


(ഇടയ്ക്ക്‌ വൈദ്യുതി ഉള്ളപ്പോള്‍, പപ്പ വീട്ടില്‍ ഇല്ലാത്തപ്പോള്‍, മമ്മി നല്ല മാനസികാവസ്ഥയിലാവുമ്പോള്‍ ഞാന്‍ കഴിയും വണ്ണം നിങ്ങള്‍ക്കൊപ്പമെത്താം. എന്റെ ആമുഖ പ്രസ്താവന വായിച്ച്‌ അഭിപ്രായം പറഞ്ഞ എല്ലാ ബഹുമാനപ്പെട്ട ബന്ധുക്കള്‍ക്കും നന്ദി പറയുന്നു. വീണ്ടും കാണാം. - നിത്യ)

20 comments:

നിത്യ said...

ഇത്‌ പുരാതനമായ വെറും
ഒരു മൃത തംബുരുവല്ല
അന്ധനായ ബധിരനായ സ്നേഹിതാ!
ഇത്‌... കൊതിക്കുന്ന ഹൃദയം,
ചുഴറ്റുന്ന അലാതചക്രം
മിടിക്കുന്ന അലാറശ്രുതി...
ഇത്‌ ഞാനാണെന്നറിയാന്‍
നീ...
ഇനിയെത്ര തപസ്സിലുരുകണം?"

അനംഗാരി said...

ആലപ്പുഴക്കാരിക്ക് ഒരു പഴയ ആലപ്പുഴക്കാരന്റെ വീരോചിത വരവേല്‍പ്പ്.

മുസാഫിര്‍ said...

സ്വാഗതം നിത്യ.

നിത്യ said...

താങ്ക്‌സ്‌ ചേട്ടന്മാരെ,
എനിക്ക്‌ നിങ്ങളുടെ ബ്ലോഗുകളില്‍ വരാനുള്ള സമയം ഇതുവരെ കിട്ടിയില്ല. വിശാലമായ വര്‍ത്തമാനം പിന്നീടാവം എന്ന്‌ കരുതുന്നു.

കൃഷ്‌ | krish said...

നിത്യേ.. കവിത നന്നായിട്ടുണ്ട്‌..
കൃഷ്‌ | krish

ചില നേരത്ത്.. said...

നിത്യ,
യതി ജീവിച്ചിരിക്കുമ്പോള്‍ അവിടെ പോകണമെന്ന് അതിയായി
ആഗ്രഹിച്ചിരുന്നൊരാളായിരുന്നു ഞാന്‍.
ഈ ഓര്‍മ്മകുറിപ്പുകള്‍ വായിക്കുമ്പോള്‍ വീണ്ടും ആ നഷ്ടബോധം തികട്ടുന്നു.
കൂടുതല് എഴുതുവാന്‍ കാത്തിരിക്കുന്നു.

വല്യമ്മായി said...

സ്വാഗതം

സു | Su said...

നിത്യയ്ക്ക് സ്വാഗതം :)

നിത്യ said...

കൃഷേട്ടാ, കവിതയാണോ ഇത്‌? എന്തോ തോന്നിയത്‌ കുറിച്ചു. അത്ര നന്നയില്ലെന്നറിയാന്‍ ഞാന്‍ മറ്റുള്ളവരുടെ ബ്ലോഗുകള്‍ സന്ദര്‍ശിക്കാന്‍ ശ്രമിക്കുകയാണ്‍. എനിക്ക്‌ 'പിന്മൊഴി'യിലെത്താന്‍ പറ്റുന്നില്ല. തുറന്നാലൂടനെ ഈ കമ്പ്യൂട്ടര്‍ 'തൂങ്ങാന്‍ തുടങ്ങും'. ഇടയ്ക്ക്‌ ഒന്ന്‌ തുറന്നപ്പോള്‍, 'സു'വേച്ചിക്ക്‌ എല്ലവരും ആശംസകള്‍ നേരുന്നത്‌ ഇത്തിരി വായിച്ചു. പിന്നെയും കുഴപ്പമായി.

ചിലനേരത്ത്‌ ചേട്ടാ, ഗുരുവിനെ കണാന്‍ കഴിഞ്ഞതും സംസാരിച്ചതും ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു. എന്റെ ഇപ്പോഴത്തെ ബുദ്ധിമുട്ടുകള്‍ക്ക്‌ യതിയുടെ പുസ്തകമാണ്‌ കാരണമെന്നും പപ്പ പറയാറുണ്ട്‌. അതുപോട്ടെ.

വല്യമ്മായീ(ചേട്ടനോ ചേച്ചിയോ?), സ്വാഗതത്തിന്‌ നന്ദി.

ഇനി... ഇന്നത്തെ താരം, ഞാനും സുവേച്ചി എന്ന്‌ വിളിക്കാം. ആശംസകളുടെ ഒരുകുടന്ന അസ്സല്‍ റോസാപ്പൂക്കള്‍ ഇതാ.

കൃഷ്‌ | krish said...

നിത്യേ.. ഈ കവിതകളെക്കുറിച്ച്‌, പ്രത്യേകിച്ചും "ആധുനികന്‍'മാരെക്കുറിച്ച്‌ വലിയ പിടിപാടുകളൊന്നുമില്ല. വായിച്ചാല്‍ മനസ്സിലാകണം, നല്ല ഈണമുണ്ടാകണം, അര്‍ത്ഥമുണ്ടാകണം. പിന്നെ എഴുതിത്തുടങ്ങുന്നവരെ നമ്മളാല്‍ ഒന്നു പ്രൊല്‍സാഹിപ്പിക്കുക..ആര്‍ക്കറിയാന്‍ ഇനിയും നല്ലതുപോലെ എഴുതാന്‍ പറ്റില്ലെന്ന്‌.

പിന്നെ പിന്‍മൊഴി കാര്യം. പിന്മൊഴി ലിങ്ക്‌ അഡ്രസ്സ്‌ ബാറില്‍ അടിച്ചിട്ട്‌ തുറക്കുന്നില്ലെങ്കില്‍ അതില്‍ കാണുന്ന USA, UAE, USA എന്ന ലിങ്കില്‍ അമര്‍ത്തുക. അല്ലെങ്കില്‍ താഴെ കൊടുത്ത ലിങ്ക്‌ നേരിട്ട്‌ അഡ്രസ്സ്‌ ബാറില്‍ അടിക്കുക:
http://malayalam.homelinux.net/malayalam/comments/index.shtml
http://malayalam.hopto.org/malayalam/comments/index.shtml
അല്ലെങ്കില്‍ ഗൂഗിള്‍ ഗ്രൂപ്പില്‍:
http://groups.google.com/group/blog4comments
അതിനുംപുറമെ www.malayalamblogs.in എന്ന സൈറ്റില്‍ പിന്മൊഴികള്‍-ല്‍ ക്ലിക്ക്‌ ചെയ്യുക.. പിന്‍മൊഴി കമന്റുകള്‍ ലഭ്യമാണ്‌.

കൃഷ്‌ | krish

പെരിങ്ങോടന്‍ said...

സത്യം രണ്ടത്രെ. വെളിച്ചവും ഗുരുവും. ഗുരുവിനെ തിരിച്ചറിഞ്ഞ നിത്യയുടെ അടച്ചിടപ്പെട്ട മുറിയ്ക്കകത്തേയ്ക്കു വെളിച്ചവും പ്രവഹിക്കട്ടെ! ആശംസകള്‍.

നിത്യ said...

കൃഷേട്ടാ, പറഞ്ഞുതന്ന മാതിരി ശ്രമിച്ചുനോക്കി. പക്ഷേ ഇത്‌ എന്റെ സിസ്റ്റത്തിന്റെ കുഴപ്പമാണെന്നാ തോന്നുന്നെ. ഒരു സംശയം ചോദിക്കട്ടെ, ബ്ലോഗ്‌ ലിസ്റ്റില്‍ അംഗമാവാന്‍ എന്താണ്‌ മാര്‍ഗം. എന്റെ അറിവ്‌ പൂര്‍ണമല്ല.

പെരിങ്ങോടന്‍ ചേട്ടാ, മുന്‍പൊരിക്കല്‍ ഞാന്‍ ഒരു കഥ എവിടെയോ വയിച്ചതായി ഓര്‍ക്കുന്നു. ദാലിയുടെ ചിത്രങ്ങളും ജീവിതവുമായി ബന്ധമുള്ള ഒരു കഥ. പേര്‌ മറന്നുപോയി. അതേ ആളുതന്നെയാണോ ഇതും?

ഗുരുവിന്റെ വിലയറിയുന്ന, വെളിച്ചത്തിന്റെ തെളിച്ചമറിയുന്ന ചിലരെങ്കിലും ഉണ്ടെന്നത്‌ ആശ്വാസം.

രണ്ടുപേര്‍ക്കും നന്ദി.

daly said...

നിത്യകൊച്ചേ, എഴുത്തൊക്കെ വായിക്കുന്നുണ്ട്ട്ടൊ.

യതി ശരിക്കും ഒരു ഗുരുവായിരുന്നു.ആണ് എന്നും കൂടി പറയാം. ഗുരുവിന്റേയും അറിവിന്റേയും വെളിച്ചം ആ പുസ്തകങ്ങളില്‍ ‍തെളിഞ്ഞ് കിടക്കുന്നു.

യതിയെ ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക അദ്ദേഹത്തിന്റെ കുഴിമാടത്തില്‍ നിന്നും മുറിയുടെ ജാലകത്തിലേയ്ക്ക് കെട്ടിയിരിക്കണം എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്ന നേര്‍ത്ത കമ്പിയെ കുറിച്ചാണ്. (ഏതൊ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞതണത്). അതില്ലെങ്കിലും ഫേണ്‍ഹില്ലില്‍ ആ സാനിദ്ധ്യം ഉണ്ടാവുക തന്നെ ചെയ്യും.

ബിന്ദു said...

നിത്യക്കുട്ടിക്ക് സ്വാഗതം.
:)

നിത്യ said...

ഡാലിയേച്ചി, ബിന്ദുവേച്ചി, രന്റാള്‍ക്കും നന്ദി. തിരിച്ചെത്താന്‍ വൈകി. കുറെ തടസ്സങ്ങളുണ്ട്‌. ഒരു തവണത്തെ കാഴ്ചയെക്കാള്‍ ഗുരു എഴിതിയവയുടെ ലോകം എന്നെ സംബന്ധിച്ച്‌ അപ്രാപ്യമാണെന്ന്‌ പറയണം. കുറെയൊക്കെ വായിച്ചപ്പോള്‍ത്തന്നെ വൈദ്യുതിയുടെ ആലിങ്ങനത്തിലായി. സമയമുള്ളപ്പോള്‍ ഇനിയും വരാം.

Parvathy said...

സ്വാഗതം നിത്യേ...

നിത്യവസന്തം പോലെ നീ വിടര്‍ന്ന് പരിലസിക്കാന്‍ എല്ലാ ഭാവുകങ്ങളും.

-പാര്‍വതി.

chithrakaran said...

ഉശിരന്‍ കുട്ടി... മനസിനകത്ത്‌ വജ്ര ഖനികള്‍തന്നെയുണ്ടല്ലോ... ആശംസകള്‍..!!!!

chithrakaran:ചിത്രകാരന്‍ said...

നിത്യയുടെ പുതിയ കാഴ്ചകള്‍ എന്തെ വരാത്തൂ ?

ചാത്തങ്കേരിലെ കുട്ടി ചാത്തന്‍ . . . . said...

നിത്യയുടെ കുറിപ്പുകള്‍ നന്നായിട്ടുണ്ട്. യതിയുമായുള്ള ബന്ധമാണു എന്നെ നിത്യയുടെ കുറുപ്പുകളിലേയ്ക്ക് എത്തിച്ചത്. സ്നേഹമാണ് ദൈവം എന്ന് പടിപ്പിച്ച ഗുരുവാണു നിത്യ ഗുരു.

Phillip Martin said...

this post has changed my mind and way of thought.. very nice

Assignments | Thesis Writing | Essay Help

Locations of visitors to this page